'വീടുവിട്ട് ഇറങ്ങുകയാണോ? സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വേണ്ട'; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അവധിക്കാലത്ത് വീടുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദേശത്തിലാണ് പൊലീസ് നിര്‍ദേശം.

Abu Dhabi Police have warned drivers not to stop or park inside yellow box junctions,
അബുദാബി പൊലീസ്
Edited by :Amal Joy
Last Updated :3 ജൂലൈ 2026, 5:03 pm IST

അബൂദാബി: യുഎഇയില്‍ സ്‌കൂളുകളില്‍ വേനല്‍ക്കാല അവധിക്കാലമായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വീടുവിട്ട് യാത്ര പോകുന്നവര്‍ യാത്രാ പ്ലാനുകളോ എത്ര ദിവസം വീട്ടില്‍ ആളുണ്ടാകില്ലെന്ന വിവരങ്ങളോ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തരുതെന്നാണ് പൊലീസ് നിര്‍ദേശം.

അവധിക്കാലത്ത് വീടുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദേശത്തിലാണ് പൊലീസ് നിര്‍ദേശം. ഇത്തരം വിവരങ്ങള്‍ സാമൂഹിക വിരുദ്ധര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അബൂദബി പൊലീസ് നടത്തിവരുന്ന 'സേഫ് സമ്മര്‍' ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.

വീടിന്റെ എല്ലാ ജനലുകളും വാതിലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് യാത്ര തിരിക്കും മുമ്പ് ഉറപ്പുവരുത്തണം. വീട്ടില്‍ സിസിടിവി കാമറകളും മറ്റ് സെക്യൂരിറ്റി അലാറം സംവിധാനങ്ങളും ഉണ്ടെങ്കില്‍ അവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാം. ആവശ്യമില്ലാത്ത ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടണമെന്നും ഗ്യാസ്, വാട്ടര്‍ കണക്ഷനുകള്‍ പൂര്‍ണമായും ഓഫാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

സ്വര്‍ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള രേഖകളും സുരക്ഷിതമായ ലോക്കറുകളിലേക്ക് മാറ്റുക, വീടും പരിസരവും നിരീക്ഷിക്കാന്‍ വിശ്വസ്തരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചുമതലപ്പെടുത്തുക എന്നിവയും അനാവശ്യ ഭയമൊഴിവാക്കാന്‍ സഹായിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീടുകള്‍ക്ക് സമീപം സംശയാസ്പദമായ സാഹചര്യങ്ങളോ നീക്കങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും അബൂദാബി പൊലീസ് നിര്‍ദേശിച്ചു.

News Now

Summary

Abu Dhabi Police urge residents to avoid posting summer travel plans on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates