യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം

ജോലി ആവശ്യങ്ങൾ കാരണം ചില ജീവനക്കാർക്ക് ജോലി സമയത്തിൽ റമദാനിൽ അനുവദിച്ചിട്ടുള്ള രണ്ട് മണിക്കൂർ കുറവ് ലഭിക്കില്ല

UAE Ramadan Working Hours
UAE Ramadan Working Hours, What Private Sector Employees Should Know About Reduced Timings and Overtime PayGemin AI Image
Edited by :SALIL C S
Last Updated :19 ഫെബ്രുവരി 2026, 9:04 pm IST

ദുബൈ: യുഎഇയിൽ വിശുദ്ധമാസമായ റമദാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും പ്രവൃത്തി സമയത്തിൽ ഇളവ് നൽകാറുണ്ട്. എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജോലി സമയം ഒരു ദിവസം രണ്ട് മണിക്കൂർ വീതമാണ് കുറച്ചു നൽകുന്നത്. മതമോ ജോലിയോ ഒന്നും പരിഗണിക്കാതെ എല്ലാവർക്കും ഈ ഇളവ് ലഭ്യമാണ്.

എന്നാൽ, ചില ജോലികളുടെ കാര്യത്തിൽ ജോലി സമയത്തിൽ ഇളവ് ലഭിക്കാറില്ല. സ്വകാര്യമേഖലയ്ക്ക് മുഴുവനും ഈ ഇളവ് ബാധകമാണെങ്കിലും ചില പ്രത്യേക ജോലിയുടെ കാര്യത്തിൽ ജോലി കുറച്ചു നൽകണമെന്ന നിയമത്തിന് ഇളവ് നൽകിയിട്ടുണ്ട്.

ഷിഫ്റ്റിൽ ചെയ്യുന്ന ജോലികൾ, സെക്യൂരിറ്റി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, അല്ലെങ്കിൽ ബിസിനസ് തുടർച്ച അനിവാര്യമായ മറ്റ് ജോലികൾ തുടങ്ങിയ ചില ജോലികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇത് ബാധകമാകുന്നത്.

അത്തരം സാഹചര്യങ്ങളിൽ പോലും, നിയമം അനുശാസിക്കുന്ന പരമാവധി ജോലി സമയം പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കുകയും ഓവർടൈം നിയമങ്ങൾക്കനുസൃതമായി അധിക സമയത്തിന് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് നാസർ യൂസഫ് അൽഖാമിസ് ലോയേഴ്‌സ് (എൻ‌വൈ‌കെ ലോയേഴ്‌സ്) ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സിലെ പ്രിൻസിപ്പൽ പാർട്ണറായ സുനിൽ അമ്പലവേലിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഡിഐഎഫ്സി(DIFC), എഡിജിഎം (ADGM) പോലുള്ള ചില ഫ്രീസോണുകളിലും ഇത് നടപ്പിലാക്കുന്നുണ്ട്, ഈ മേഖലകൾ പ്രത്യേക തൊഴിൽ നിയമങ്ങളാണ് ഉള്ളത്.

റമദാനിൽ ഓവർടൈം ജോലി ചെയ്താൽ പകരം ലഭിക്കുന്ന ആനുകൂല്യം എന്താണ്

സാധാരണ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കും. ഒരു ജീവനക്കാരൻ കുറച്ച ജോലി സമയത്തിനപ്പുറം ജോലി ചെയ്യേണ്ടി വന്നാൽ, അത്തരം അധിക സമയം പൊതുവെ 'ഓവർടൈം' ആയി കണക്കാക്കുകയും യുഎഇ തൊഴിൽ നിയമത്തിലെ ബാധകമായ വ്യവസ്ഥകൾക്കനുസൃതമായി നഷ്ടപരിഹാരം നൽകുകയും വേണമെന്ന് സുനിൽ അമ്പലവേലിൽ പറയുന്നു.

റമദാനിലെ നിയന്ത്രിത സമയത്തിനപ്പുറം ജോലി ചെയ്താൽ തൊഴിലുടമയിൽ നിന്ന് ഓവർടൈം ക്ലെയിം ചെയ്യാം. ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയം ജോലി ചെയ്യുന്നില്ലെങ്കിൽ, തൊഴിലുടമയ്ക്ക് തൊഴിലാളിയോട് ഓവർടൈം ജോലി ചെയ്യാൻ ആവശ്യപ്പെടാം.

ജോലിയുടെ സ്വഭാവം കാരണം സാധാരണ ജോലി സമയത്തിനപ്പുറം ജോലി ചെയ്യേണ്ടി വന്നാൽ, സാധാരണ ജോലി സമയത്തിന് തുല്യമായ വേതനത്തിന് (അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളത്) ആ ശമ്പളത്തിന്റെ 25 ശതമാനവും കൂടി ലഭിക്കും. രാത്രി 10 മണിക്കും പുലർച്ചെ നാല് മണിക്കും ഇടയിൽ ഓവർടൈം ചെയ്താൽ ഇത് 50 ശതമാനമായി ഉയരും. ഷിഫ്റ്റുകൾ അടിസ്ഥാനമാക്കി ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ല.

തൊഴിൽ കരാറിലോ തൊഴിൽ ചട്ടങ്ങളിലോ വ്യക്തമാക്കിയിട്ടുള്ളതുപോലെ, തൊഴിലാളി തന്റെ ഒഴിവു ദിവസത്തിൽ ജോലി ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടെങ്കിൽ, തൊഴിലാളിക്ക് പകരമായി ഒഴിവുദിനം ലഭിക്കാൻ അർഹതയുണ്ടായിരിക്കും, അല്ലെങ്കിൽ സാധാരണ ജോലി സമയ വേതനത്തിന് തുല്യമായ വേതനവും (അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളത്) അതിന്റെ 50 ശതമാനവും കൂടി ലഭിക്കു എന്നാണ് നിയമം എന്ന് അദ്ദേഹം പറയുന്നു.

News Now

Summary

Gulf News:UAE Ramadan working hours reduced by two hours for private sector employees. Know the overtime rules, labour law guidelines, and employee rights during Ramadan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates