വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവാ മെഡല്‍ പുരസ്‌കാരവും സമ്മാനിക്കും

Last Updated :20 January 2024, 8:04 am IST

News Now

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. സ്വാതന്ത്ര്യദിനത്തില്‍ അഭിനന്ദന് ബഹുമതി സമ്മാനിക്കും. യുദ്ധരംഗത്തെ മികവിന് സൈന്യം നല്‍കുന്ന മൂന്നാമത്തെ വലിയ ബഹുമതിയാണ് വീര്‍ചക്ര. വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ സേവാ മെഡല്‍ പുരസ്‌കാരവും സമ്മാനിക്കും. ഫെബ്രുവരി 27 ലെ ബലാകോട്ട് ആക്രമണത്തില്‍ യുദ്ധവിമാനങ്ങളെ നിയന്ത്രിച്ചിരുന്നത് മിന്റിയാണ്. ഇതു പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്

ബലാകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും യുദ്ധസജ്ജരായി നേര്‍ക്കുനേര്‍ വന്നിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കെ, പാക് പോര്‍ വിമാനങ്ങളെ ചെറുക്കുന്നതിനിടെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസണ്‍ വിമാനം ദിശതെറ്റി പാകിസ്ഥാനില്‍ ഇറങ്ങുകയായിരുന്നു. 

തുടര്‍ന്ന് പാകിസ്ഥാന്‍ അഭിനന്ദനെ തടവുകാരനായി പിടികൂടി. എന്നാല്‍ ഇന്ത്യന്‍ യുദ്ധരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ അഭിനന്ദന്‍ തയ്യാറായിരുന്നില്ല. ഇന്ത്യ നടത്തിയ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനകള്‍ അടക്കം പൂര്‍ത്തിയായ അഭിനന്ദന്‍ വ്യോമസേനയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി