ലിഫ്റ്റില്‍ കുടുങ്ങി; 11കാരന് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

മുംബൈ: മഹാരാഷ്ട്രയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം. അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കയറിയ കുട്ടിയെയും കൊണ്ട് ലിഫ്‌റ് മുകളിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ ലിഫ്റ്റ് നന്നാക്കുന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലെ മലാഡില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഏഴു നില കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയാണ് അഥര്‍വ്വ ശര്‍മ്മ മരിച്ചത്. ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടക്കുന്ന കാര്യം താമസക്കാരെ മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാണ് ലിഫ്റ്റ് നന്നാക്കുന്ന ജീവനക്കാരനായ വിവേക് പാണ്ഡെയെ പൊലീസ് അറസ്റ്റ ്ചെയ്തത്. 

പുറത്ത് മുത്തശ്ശിയെ കണ്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലിഫ്റ്റ് തുറന്ന് അകത്തു കയറിയ ഉടനെ തന്നെ ലിഫ്റ്റ് മുകളിലേക്ക് പോകുകയായിരുന്നു. 11 വയസുകാരനായ അഥര്‍വ്വ ശര്‍മ്മയെ വലിച്ചിഴച്ച് കൊണ്ടാണ് ലിഫ്റ്റ് മുകളിലേക്ക് പോയത്. അതിനിടെ കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലിഫ്റ്റില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

മുകളിലത്തെ നിലയിലാണ് വിവേക് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ഇക്കാര്യം കെട്ടിടത്തിലെ താമസക്കാരെ അറിയിച്ചിരുന്നില്ല. ലിഫ്റ്റില്‍ കയറരുത് എന്ന് കാണിച്ച് മുന്നറിയിപ്പ് ബോര്‍ഡും വെച്ചിരുന്നില്ല. കുറ്റകരമായ നരഹത്യയാണ് വിവേകിനെതിരെ പൊലീസ് ചുമത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now