നടിയെ കത്തിചൂണ്ടി ബന്ദിയാക്കി, ആറരലക്ഷം രൂപ കവര്‍ന്നു

വീട്ടിലേക്ക് അതിക്രമിച്ച് കടന്നെത്തിയ മൂന്നംഗ മോഷണസംഘം കത്തി ചൂണ്ടി നടിയെ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തു

അലംകൃത സാഹെ / ഇന്‍സ്റ്റഗ്രാം ചിത്രം
Last Updated :20 January 2024, 8:48 am IST

ചണ്ഡിഗഡ് : ബോളിവുഡ് നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ആറര ലക്ഷം രൂപ കൊള്ളയടിച്ചു. ചണ്ഡിഗഡിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. നടി അലംകൃത സാഹെയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയയായിരുന്നു സംഭവമെന്ന് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അപ്പാര്‍ട്ട്‌മെന്റില്‍ നടി ഒറ്റക്കായിരുന്നു. നടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ 10 ദിവസമായി ദൂരയാത്ര പോയിരിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കടന്നെത്തിയ മൂന്നംഗ മോഷണസംഘം കത്തി ചൂണ്ടി നടിയെ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തു. തുടര്‍ന്ന് നടിയുടെ എടിഎം കൈക്കലാക്കിയ മോഷ്ടാക്കള്‍ പിന്‍ നമ്പര്‍ ചോദിച്ചു മനസ്സിലാക്കി. മോഷ്ടാക്കളില്‍ ഒരാള്‍ സമീപത്തെ എടിഎമ്മില്‍ പോയി 50,000 രൂപ പിന്‍വലിച്ചു. 

ഇതിനിടെ മോഷ്ടാക്കളില്‍ നിന്ന് കുതറിയോടി നടി മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയില്‍ കടന്നു. വീണ്ടും കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കുകയായിരുന്നു. 

നടി ഒച്ചവെച്ച് ബഹളമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുമ്പ് നടി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയപ്പോള്‍ ഫര്‍ണിച്ചറുമായി എത്തിയ ആളാണെന്നാണ് തിരിച്ചറിഞ്ഞത്. മോഷ്ടാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 2014 മിസ് ഇന്ത്യ കിരിട ജേതാവും, അര്‍ജുന്‍ കപൂര്‍, പരിണീതി ചോപ്ര എന്നിവര്‍ക്കൊപ്പം 'നമസ്‌തേ ഇംഗ്ലണ്ട്' എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച നടിയുമാണ് അലംകൃത സാഹെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now