'മോദി കര്‍ഷകരുടെ രക്തവും വിയര്‍പ്പും വിറ്റു, വ്യാപാര കരാര്‍ അംഗീകരിച്ചത് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി'

ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയെടുത്തവ മോദി വിറ്റുകളയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു

Rahul Gandhi against Narendra Modi
രാഹുല്‍ഗാന്ധി
Edited by :അമല്‍ ജോയ്
Last Updated :3 ഫെബ്രുവരി 2026, 7:57 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് വ്യാപാര കരാര്‍ അംഗീകരിച്ചത് വലിയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയെടുത്തവ മോദി വിറ്റുകളയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നാലു മാസമായി അനങ്ങാതെ കിടന്ന വ്യാപാര കരാറാണ് ഇന്നലെ വൈകുന്നേരം പെട്ടെന്ന് ഒപ്പിട്ടത്. കടുത്ത സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് മോദി കരാറില്‍ ഒപ്പുവച്ചത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ എന്ന കുമിള ഉടന്‍ പൊട്ടുമെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ഗാന്ധി പറഞ്ഞു.

'നരേന്ദ്രമോദി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ഭയമാണ്. കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയവര്‍ തന്നെ ഇപ്പോള്‍ അത് തകര്‍ക്കുന്നു. അദാനിക്കെതിരെ യുഎസില്‍ കേസുണ്ട്. അത് യഥാര്‍ഥത്തില്‍ മോദിക്കെതിരായ കേസാണ്. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത കൂടുതല്‍ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയലുകളിലുണ്ട്. അതുമൂലവും മോദിക്ക് സമ്മര്‍ദവുമുണ്ട്. സമ്മര്‍ദത്തിന് പിന്നിലെ ഈ രണ്ട് പോയിന്റുകള്‍ രാജ്യം മനസിലാക്കണം'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ആത്മകഥയിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് സംസാരിക്കാന്‍ രാഹുലിനെ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ നേതാവിനെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നു രാഹുല്‍ പറഞ്ഞു. വ്യാപാര കരാറിലൂടെ നരേന്ദ്ര മോദി കര്‍ഷകരുടെ കഠിനാധ്വാനവും രക്തവും വിയര്‍പ്പും വിറ്റു. മോദി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. മോദി കര്‍ഷകരെ മാത്രമല്ല, രാജ്യത്തെത്തന്നെ വിറ്റു. അതുകൊണ്ടാണ് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്. മോദിക്ക് ഭയമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മിച്ചവര്‍ തന്നെ അത് തകര്‍ക്കാന്‍ തുടങ്ങിയെന്നും രാഹുല്‍ ആരോപിച്ചു.

News Now

Summary

Rahul Gandhi against Narendra Modi: prime Minister Narendra Modi "compromised" and selling out India's hard-earned progress in the recently announced trade deal with the US.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates