'എനിക്ക് ഇഷ്ടപ്പെട്ട കായിക വിനോദമാണിത്!' ഏഷ്യന്‍ ഗെയിംസിനുള്ള ഡ്രസേജ് ടീം തെരഞ്ഞെടുപ്പ്, അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി

ഇത് തന്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണെന്നായിരുന്നു വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജസ്റ്റിസ് അമാനുള്ള പറഞ്ഞത്

Appeal filed before Supreme Court against Dressage team selection for Asian Games 2026
filefile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :7 ജൂലൈ 2026, 12:54 pm IST

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലേയ്ക്കുള്ള ഇന്ത്യയുടെ ഡ്രസേജ് ടീം( അശ്വാഭ്യാസം) തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി. ഇക്വേസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഇഎഫ്‌ഐ)യുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ രണ്ട് ഡ്രസേജ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടും ഹൈക്കോടതിയ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയം ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 9-ന് വാദം കേള്‍ക്കും.

ഇത് തന്റെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണെന്നായിരുന്നു വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജസ്റ്റിസ് അമാനുള്ള പറഞ്ഞത്. ജൂലൈ ആറിനാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. എന്നാല്‍, അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് സാധ്യതാ പട്ടിക തയ്യാറാക്കണമെന്ന തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജ്‌സ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

സാധ്യതയുള്ളവരുടെ താല്‍ക്കാലിക മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലും ഇഎഫ്‌ഐ പരാജയപ്പെട്ടതാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്ന ഇ.എഫ്.ഐയുടെ വിശദീകരണവും ഹൈക്കോടതി തള്ളി. ഇത്തരം കാരണങ്ങള്‍ വിശ്വാസ്യത നല്‍കുന്നതല്ലെന്നും, തെരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കുന്നതില്‍ ഫെഡറേഷന്‍ 'അനാവശ്യ തിടുക്കം' കാണിച്ചതായും കോടതി നിരീക്ഷിച്ചു. എങ്കിലും, ഏഷ്യന്‍ ഗെയിംസിനുള്ള അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഈ ഘട്ടത്തില്‍ നടപടികള്‍ വീണ്ടും ആരംഭിക്കുന്നത് മത്സരത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തെത്തന്നെ അപകടത്തിലാക്കുമെന്ന് വിലയിരുത്തുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഉത്തരവിടാനും കോടതി വിസമ്മതിച്ചു. തെരഞ്ഞെടുത്ത ടീമില്‍ ഇടപെടാതെ ഹൈക്കോടതി അപ്പീലുകള്‍ തീര്‍പ്പാക്കുകയായിരുന്നു. ഭാവിയില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇ.എഫ്.ഐക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അന്തിമ സ്‌ക്വാഡില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ഡ്രസേജ് റൈഡര്‍മാരായ അനുഷ് അഗര്‍വല്ലയും സുദീപ്തി ഹാജേലയുമാണ് കോടതിയെ സമീപിച്ചത്.

News Now

Summary

Appeal filed before Supreme Court against Dressage team selection for Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates