വൈഎസ്ആര്‍ കോണ്‍ഗ്രസ് മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്

ടെലിവിഷൻ ദൃശ്യം
Last Updated :22 January 2024, 7:51 pm IST

News Now

ഹൈദരാബാദ്: ആന്ധ്രപ്രദേശ് എംഎൽഎയുടെ കുടുംബത്തിലെ ആറു പേർ യുഎസിലെ വാഹനാപകടത്തിൽ മരിച്ചു.  വൈഎസ്ആര്‍ കോണ്‍ഗ്രസ് മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ജോൺസൺ കൗണ്ടിയിൽ വച്ചാണ് അപകടമുണ്ടായത്. 

വെങ്കിട സതീഷിന്റെ അമ്മാവനും അമലപുരം സ്വദേശിയുമായ നാഗേശ്വര റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരാണ് മരിച്ചത്. കുടുംബാംഗം കൂടിയായ ആറാമന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ലോകേഷ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ ​ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ജോണ്‍സണ്‍ കൗണ്ടിയിലെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രദേശത്തെ ഒരു മൃഗശാലയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ട്രക്കാണ് ഇവരുടെ വാനുമായി കൂട്ടിയിടിച്ചത്. ട്രക്ക് തെറ്റായ ദിശയിലായിരുന്നു എന്നാണ് പ്രഥമിക നി​ഗമനം. ട്രക്ക് ഓടിച്ചിരുന്ന രണ്ട് യുവാക്കളും ചികിത്സയിലാണ്.  

മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വെങ്കിട സതീഷ് കുമാർ വ്യക്തമാക്കി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബന്ധുവായ ലോകേഷ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരിൽ രണ്ടുപേർ അമേരിക്കന്‍ പൗരന്‍മാരാണ്. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോയെന്നത് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates