മൂന്നുവര്‍ഷം കൂടുമ്പോള്‍ നിതീഷിന് പ്രധാനമന്ത്രി മോഹം വരും; അവസരവാദിയ്ക്ക് മുന്നില്‍ ഇനി ബിജെപി വാതില്‍ തുറക്കില്ല; കടന്നാക്രമിച്ച് അമിത് ഷാ

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറു കടക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 9:17 am IST
Edited by :migrator

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറു കടക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നുവര്‍ഷം കൂടുമ്പോള്‍ പ്രധാനമന്ത്രി ആകാനുള്ള മോഹം ഉദിക്കുന്നതുകൊണ്ടാണ് നിതീഷ് കുമാര്‍ സഖ്യം മാറുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. ബിഹാറില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കോണ്‍ഗ്രസിനും ജംഗിള്‍ രാജിനും എതിരെ ജീവിതകാലം മുഴുവന്‍ പോരാടിയ ശേഷം, നിതീഷ് കുമാര്‍ സോണിയ ഗാന്ധിക്കും ലാലു പ്രസാദ് യാദവിനുമൊപ്പം സഖ്യമുണ്ടാക്കി. വികസനവാദിയില്‍ നിന്ന് അദ്ദേഹം അവസരവാദിയായി മാറി. നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനമോഹിയാണ്. 'ആയാ റാം ഗയാ റാം' പരിപാടി മതി. നിതീഷിന് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു' അമിത് ഷാ പറഞ്ഞു. 

'കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെക്കാള്‍ സീറ്റില്‍ ജയിച്ചത് ബിജെപി ആയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിന് നല്‍കിയ വാക്കു പാലിക്കാനായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. ലാലുവിനും നിതീഷിനും ബിഹാറിനെ പിന്നാക്കാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് പൂര്‍ണ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പോടെ അതിന് കളമൊരുക്കണം'- അമിത് ഷാ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 

നേരത്തെ, പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒന്നിക്കണം. കോണ്‍ഗ്രസ് ഇതിനായി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറില്‍ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമെന്നും നിതീഷ് പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും നിതീഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now