സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യ നിര്‍ണയ ഫോര്‍മുലയായി, ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്‌

സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം സിബിഎസ്ഇ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST

ന്യൂഡല്‍ഹി:  സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം സിബിഎസ്ഇ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗ്രേഡും മാര്‍ക്കും നല്‍കുന്നതിനുള്ള മാനദണ്ഡമാണ് സിബിഎസ്ഇ സമര്‍പ്പിച്ചത്. ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ തയ്യാറാക്കിയ ഫോര്‍മുലയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക് പരിഗണിക്കും. പ്രാക്ടിക്കല്‍, യൂണിറ്റ്, ടേം പരീക്ഷകളുടെ മാര്‍ക്കാണ് പരിഗണിക്കുക. ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാര്‍ക്കും പരിഗണിക്കുന്ന വിധമാണ് ഫോര്‍മുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളില്‍ അഞ്ചുപേപ്പറുകളില്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാര്‍ക്കാണ് പരിഗണിക്കുക എന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മാനദണ്ഡത്തില്‍ പറയുന്നു. 


ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. 12-ാം ക്ലാസ് മൂല്യനിര്‍ണയത്തിനു 30:30:40 അനുപാതത്തില്‍ ഫലം നിശ്ചയിക്കാനുള്ള ശുപാര്‍ശയാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചത്. 10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതവും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്കു 40 ശതമാനവും വെയ്‌റ്റേജ് നല്‍കാനാണ്  ശുപാര്‍ശ. മൂല്യനിര്‍ണയ മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now