നടന്‍ വിക്രം മസ്താല്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ,  മൂന്നു സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി

മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും

കമൽനാഥ്, നടൻ വിക്രം മസ്താൽ/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:26 am IST
Edited by :migrator

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 

മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടന്‍ വിക്രം മസ്താല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടും. മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ് ചചൗരയില്‍ മത്സരിക്കും. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍ നിന്നും മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമര്‍ജിത് ഭഗത് സിതാപൂരിലും മത്സരിക്കും. ഛത്തീസ് ഗഡില്‍ പുറത്തിറക്കിയ 30 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 14 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നു. 

തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നും ജനവിധി തേടും. ഉത്തം കുമാര്‍ റെഡ്ഡി എം പി തെലങ്കാനയിലെ ഹുസൂര്‍നഗര്‍ മണ്ഡലത്തില്‍ മത്സരിക്കും. ഉള്‍പ്പാര്‍ട്ടി പ്രശ്‌നം രൂക്ഷമായ രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിട്ടില്ല. വൈകാതെ രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now