പെട്രോള്‍ ബൈക്കുകള്‍ക്ക് 2028 മുതല്‍ രജിസ്‌ട്രേഷനില്ല; പുതിയ ഇ വി നയവുമായി ഡല്‍ഹി സര്‍ക്കാര്‍

പുതിയ നയം അനുസരിച്ച് ഡല്‍ഹിയില്‍ 2027 ജനുവരി ഒന്നുമുതല്‍ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങള്‍ക്ക് മാത്രമാണ് പുതിയ രജിസ്‌ട്രേഷന് അനുമതി നല്‍കുക

Delhi EV Policy 2026 Draft
Delhi EV Policy 2026 Draft
Edited by :എന്‍ പി അനൂപ്
Last Updated :11 ഏപ്രിൽ 2026, 3:47 pm IST

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് കാരണമാകുന്ന ഇന്ധന വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, നഗരം പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയവയാണ് നയത്തിന്റെ ലക്ഷ്യം. പുതിയ നയം അനുസരിച്ച് ഡല്‍ഹിയില്‍ 2027 ജനുവരി ഒന്നുമുതല്‍ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങള്‍ക്ക് മാത്രമാണ് പുതിയ രജിസ്‌ട്രേഷന് അനുമതി നല്‍കുക. 2028 ഏപ്രില്‍ ഒന്നുമുതല്‍ ഈ നിയന്ത്രണം ഇരുചക്ര വാഹനങ്ങളിലേക്കും വ്യാപിപ്പിക്കും.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും, ഇ വിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നതാണ് പുതിയ നയം. പെട്രോള്‍ വാഹനങ്ങള്‍ക്ക് സമയബന്ധിതമായ നിയന്ത്രണങ്ങള്‍, കര്‍ശനമായ ഫ്‌ളീറ്റ് നിയന്ത്രണം, ഇ വിയെ പ്രോത്സാഹിപ്പിക്കുന്നതിന് ചാര്‍ജിങ് സൗകര്യത്തിന്റെ വിപുലീകരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇ വി നയം.

നഗരത്തില്‍ ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന ടു വീലറുകളും ഗുഡ്‌സ് വാഹനങ്ങളുംഇലക്ട്രിക് മാത്രമായിരിക്കും. ഇതിനായുള്ള നടപടികള്‍ 2026 ജനുവരി ഒന്നുമുതല്‍ ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള ബി.എസ്-6 ഇരുചക്ര വാഹനങ്ങള്‍ക്ക് 2026 ഡിസംബര്‍ 31 വരെ മാത്രമേ അനുമതി നല്‍കൂവെന്നും നയം വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ ടു വീലറുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം.

സ്‌കൂള്‍ ബസുകളും സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ ഘട്ടം ഘട്ടമായി ഇലക്ട്രിക്കിലേക്ക് മാറ്റും. നയം നിലവില്‍ വന്ന് രണ്ടാം വര്‍ഷത്തില്‍ വാഹനങ്ങള്‍ പത്ത് ശതമാനം ഇവിയിലേക്ക് മാറ്റും. മൂന്നാം വര്‍ഷത്തില്‍ 20 ശതമാനം, 2030 ആകുമ്പോഴേക്കും 30 ശതമാനവും ഇവിയിലേക്ക് മാറ്റാനാണ് ലക്ഷ്യം. വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമായ സര്‍ക്കാര്‍ വാഹനങ്ങള്‍ നൂറുശതമാനവും ഇനിമുതല്‍ ഇലക്ട്രിക് ആയിരിക്കും. പുതിയ സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഗതാഗത സംവിധാനത്തിന് കീഴിലുള്ള പുതിയ അന്തര്‍ സംസ്ഥാന ബസുകളും ഇവിയിലേക്ക് മാറും.

പ്രത്യേക സബ്‌സിഡികളും നികുതി ഇളവുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ബാറ്ററി ശേഷി അനുസരിച്ചായിരിക്കും സബ്‌സിഡി. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇലക്ട്രിക് കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

പഴയ ബി എസ് -4, അതിന് താഴെയുള്ള വാഹനങ്ങള്‍ക്ക് സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ ലഭിക്കും. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയിലും രജിസ്‌ട്രേഷന്‍ ഫീസിലും 100ശതമാനം ഇളവ് നല്‍കാനും കരട് നിര്‍ദ്ദേശിക്കുന്നു. അതേസമയം ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഭാഗിക ഇളവുകളാണ് നല്‍കുക. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെയായിരിക്കും സബ്‌സിഡികളും മറ്റും വിതരണം ചെയ്യുക.

News Now

Summary

Delhi's Draft EV Policy 2026-30: The draft policy proposes electrification deadlines, including only electric three-wheelers from January 1, 2027, and electric two-wheelers from April 1, 2028.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates