ഉമര്‍ ഖാലിദിന് അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാം; മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; കര്‍ശന ഉപാധികള്‍

അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനും, ജൂണ്‍ 02-ന് നിശ്ചയിച്ചിരിക്കുന്ന അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടിരുന്നത്.

Umar Khalid
Umar Khalidfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :22 മേയ് 2026, 12:38 pm IST

ന്യൂഡല്‍ഹി: 2020-ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട കേസില്‍ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രതിഭ എം സിങ്്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കര്‍ശന വ്യവസ്ഥകളോടെ ജൂണ്‍ 01 മുതല്‍ ജൂണ്‍ 03 വരെ ജാമ്യം അനുവദിച്ചത്.

അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനും, ജൂണ്‍ 02-ന് നിശ്ചയിച്ചിരിക്കുന്ന അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. ജാമ്യം നിഷേധിച്ച മെയ് 19-ലെ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ്, മുമ്പും സഹോദരിയുടെ വിവാഹത്തിനായി ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതായും, അതിനുശേഷം രണ്ട് തവണ കൂടി സമാനമായ ഇളവ് ലഭിച്ചിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.

ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇതിനെ എതിര്‍ത്തു. ഖാലിദിന്റെ അമ്മയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ മാത്രമാണ് ഉള്ളതെന്നും അത് നോക്കാന്‍ അദ്ദേഹത്തിന്റെ സഹോദരിമാര്‍ ഉണ്ടെന്നും അദ്ദേഹം വാദിച്ചു. അതല്ലെങ്കില്‍ തന്നെ, ഖാലിദിന് പൊലീസ് കാവലില്‍ ഒരു ദിവസം വന്ന് അമ്മയെ കണ്ട് മടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം, വിഷയത്തില്‍ കാരുണ്യപരമായ സമീപനം സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഖാലിദിന്റെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും, അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൃത്യമായ മറ്റ് വ്യവസ്ഥകള്‍ അന്തിമ ഉത്തരവില്‍ രേഖപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി. അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നത് അത്ര അനിവാര്യമായ കാര്യമല്ലെന്നും, അത്രയേറെ അടുത്ത ബന്ധമായിരുന്നെങ്കില്‍ ഇത്രയും നാളുകള്‍ക്ക് ശേഷമല്ല, മരണസമയത്ത് തന്നെ ജാമ്യം ആവശ്യപ്പെടുമായിരുന്നു എന്നും വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഖാലിദിന് നേരത്തെ 2022, 2024, 2025 വര്‍ഷങ്ങളില്‍ ചുരുങ്ങിയ കാലയളവിലേക്ക് ഉള്‍പ്പെടെ പലതവണ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു, അപ്പോഴൊക്കെ അദ്ദേഹം കൃത്യസമയത്ത് കീഴടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹി കോടതി അദ്ദേഹത്തിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യാത്രകള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു അത്. 2020 സെപ്റ്റംബര്‍ മുതല്‍ ഖാലിദ് ജയിലിലാണ്. 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ്

ഖാലിദ് ജയിലില്‍ കഴിയുന്നത്. 2019-2020 കാലഘട്ടത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ കലാപം ആസൂത്രണം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഈ വര്‍ഷം ആദ്യം, ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതി ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷകള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും ഈ വര്‍ഷം ഏപ്രിലില്‍ പരമോന്നത കോടതി തള്ളിയിരുന്നു.

News Now

Summary

Delhi High Court Grants 3 Days Interim Bail To Umar Khalid Ahead Of Mother's Surgery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates