കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹിയില്‍ നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കില്ലിടുന്നു; ഫോട്ടോ പിടിഐ
Last Updated :20 January 2024, 8:34 am IST

News Now


ന്യൂഡല്‍ഹി: കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സമരം ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ശ്മശാനത്തില്‍ ഡിജെ മ്യൂസിക്ക് നടത്തുന്നതിന് സമാനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. അന്നദാതാക്കളായ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മോദി കൊട്ടാരം പണിയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ലെന്നും പൊതുക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണിതെന്നും സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

'മിസ്റ്റര്‍ മോദി, അന്നദാതാക്കള്‍ 16 ദിവസമായി തെരുവില്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ സെന്‍ട്രല്‍ വിസ്തയെന്ന പേരില്‍ നിങ്ങള്‍ക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തില്‍ അധികാരമെന്നത് വ്യാമോഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമുള്ള മാര്‍ഗമാണത്' - സുര്‍ജേവാല ട്വീറ്റ് ചെയ്തു. farmers എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പുതിയതായി നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്കായി 20,000 കോടിയാണ് ആകെ ചെലവ്. നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരത്തിന് മാത്രം ഏകദേശം 1000 കോടിയോളം ചെലവ് വരും. രാജ്യത്തെ കോവിഡ് സാഹചര്യം, സാമ്പത്തിക പ്രതിസന്ധി എന്നീ വെല്ലുവിളികള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രവലിയ തുക മുടക്കി പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates