പരീക്ഷാ ക്രമക്കേട്: ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; 'ജുഡീഷ്യല്‍ പരീക്ഷകളിലും ആശങ്ക'

ഝാര്‍ഖണ്ഡ് സര്‍ക്കാരിനും ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു

Supreme Court
Supreme Courtfile
Edited by :Jayakumar
Last Updated :24 ഓഗസ്റ്റ് 2026, 1:40 pm IST

ന്യൂഡല്‍ഹി: കംബൈന്‍ഡ് സിവില്‍ സര്‍വീസ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ഝാര്‍ഖണ്ഡ് സര്‍ക്കാരിനും ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു.

കംബൈന്‍ഡ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാക്രമക്കേടുകളില്‍ സമയബന്ധിതമായ, സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഹരിശരണ്‍ ദേവ് ഗണ്‍ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഒരുമാസത്തോളമായി സമരത്തിലാണെന്ന്, ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനന്‍കുമാര്‍ മിശ്ര ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി ആ തീരുമാനം സ്‌റ്റേ ചെയ്തിരിക്കുകയാണ്. സര്‍ക്കാരിനും കോടതി വിധിയോട് അനുകൂല നിലപാടാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമോ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ജുഡീഷ്യല്‍ പരീക്ഷയും ആശങ്കയുടെ നിഴലിലാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മതിയാകില്ല. ഫോറന്‍സിക് പരിശോധനകള്‍ അടക്കം ആവശ്യമാണ്. അതിനാല്‍ അന്വേഷണ ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍, സിസിടിവി ഫുട്ടേജ്, സെര്‍വര്‍ ഓഡിറ്റ് ലോഗ്‌സ് തുടങ്ങിയ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

News Now

Summary

Exam irregularities: Supreme Court issues notice to Jharkhand government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates