കർഷക സമരം; ഇന്ന് ഭാരത്‌ ബന്ദ് 

കര്‍ഷക മാര്‍ച്ച് തടയുന്നതിനായി ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍/ ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദ് ഇന്ന്. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാർട്ടികളും പത്ത് തൊഴിലാളി സംഘടനകളും 51 ട്രാൻസ്പോർട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ‌ വഴിതടയുമെന്ന് ഡൽഹി- യുപി അതിർത്തിയിൽ സമരത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

രാജ്യ വ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ചരക്കു വാഹനങ്ങളുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും പിന്തുണച്ചതോടെ രാജ്യ വ്യാപകമായി ചരക്കു നീക്കം സ്തംഭിക്കാനിടയുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ വിളിച്ച നാലാംവട്ട ചർച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കർഷക സംഘടനകൾ സമരം ശക്തമാക്കുന്നത്.

കർഷകരുടെ ആശങ്കകളിൽ നിയമ ഭേദഗതിയാവാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. 

ക്രമസമാധാനപാലനം ഉറപ്പാക്കാനും പൊതുമുതൽ നശിപ്പിക്കുന്നതു തടയാനും കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും വഴിതടയലും സമാധാനപരമായ പ്രതിഷേധമാർഗങ്ങളുമെന്ന് മറ്റു കർഷക നേതാക്കൾ പറഞ്ഞു. സർവമേഖലയിൽനിന്നുള്ള പിന്തുണയും കർഷകർക്കുണ്ടെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates