സോണിയ ​ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും രാജിക്ക്; മാറി നിൽക്കാൻ ഒരുങ്ങി രാഹുലും?

സോണിയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കും

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

ന്യൂഡൽഹി: സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും കോൺ​ഗ്രസ് പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞേക്കുമെന്ന് സൂചനകൾ. അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ നാളെ ചേരുന്ന പ്രവർത്തക സമിതി യോ​ഗത്തിൽ വച്ച് ഇരുവരും രാജി സന്ന​ദ്ധത അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ​ഗാന്ധിയും എഐസിസി കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. 

സോണിയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കും. സോണിയ സ്ഥാനം രാജി വച്ചാൽ 25 വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിന് ​ഗാന്ധി കുടുംബത്തിൽ നിന്ന് അല്ലാത്ത ഒരാൾ സംഘടനാ തലപ്പത്തേയ്ക്ക് എത്തും. 

അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നാളെ പ്രവർത്തക സമിതി യോഗം വിളിച്ചത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ തോൽവിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നടത്തിയ വിമർശനങ്ങളും ചർച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ തോൽവി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. 

തോൽവിക്ക് പിന്നാലെ, പാർട്ടിയിൽ നേതൃമാറ്റം വേണമെന്നും പ്രവർത്തന ശൈലി മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന ജി 23 നേതാക്കൾ, പ്രവർത്തക സമിതി അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബിൽ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയിൽ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

News Now