ഗോവയില്‍ നാടകീയനീക്കം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വസതിയില്‍; ലോബോയെ മാറ്റി കോണ്‍ഗ്രസ്

ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് നടപടി.

ഗോവയുടെ ചുമതലയുള്ള എഐസിസി നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു
Edited by :migrator
Last Updated :20 ജനുവരി 2024, 9:03 am IST

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അതിനിടെ, മൈക്കിള്‍ ലോബോയെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് നീക്കി കോണ്‍ഗ്രസ്. ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ലോബോ ഗൂഢാലോചന നടത്തിയെന്നും ബിജെപിക്കായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ചാണ് നടപടി.

എട്ട് കോണ്‍ഗ്രസ്  എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ന് രാവിലെ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 

തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണു നിര്‍ണായക നീക്കം. സഭാസമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍നിന്ന് 7 എംഎല്‍എമാര്‍ വിട്ടുനിന്നു. പ്രതിപക്ഷനേതാവിനൊപ്പം നാലും എംഎല്‍എമാരും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു

മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഈ വര്‍ഷം ജനുവരിയിലാണു ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയത്. ഭാര്യയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണു മൈക്കിള്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ഗോവയുടെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

ഉത്തര ഗോവയിലെ ശക്തനായ നേതാവാണു മൈക്കിള്‍ ലോബോ. പ്രമോദ് സാവന്ത് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തുടര്‍ന്നപ്പോള്‍, ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി നിയമിച്ചു. 11 എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ ചേരുമെന്നും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം എംഎല്‍എമാര്‍ക്കു ബാധകമാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു കൂറുമാറില്ലെന്നു ഭരണഘടന തൊട്ടു സത്യം ചെയ്യിച്ചാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now