അലോപ്പതി വിവേകശൂന്യം, ലക്ഷക്കണക്കിനു പേർ മരിച്ചെന്ന് ബാബാ രാംദേവ്, മാപ്പു പറയണമെന്ന് ഐഎംഎ

അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറ‍ഞ്ഞിരുന്നു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

ന്യൂഡൽഹി; അലോപ്പതി ചികിത്സയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിൽ യോ​ഗ ​ഗുരു ബാബാ രാംദേവ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രേഖാമൂലം ക്ഷമാപണം നടത്തണമെന്നും പ്രസ്താവന പിൻവലിക്കണമെന്നും പറഞ്ഞുകൊണ്ട് ഐഎംഎ നോട്ടീസ് നൽകി. 

അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രാംദേവ് പറ‍ഞ്ഞിരുന്നു. അലോപ്പതിയെ വിവേകശൂന്യമായതെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐ‌എം‌എ നോട്ടിസ് നൽകിയത്.

വിമർശനം രൂക്ഷമായതിന് പിന്നാലെ വിശദീകരണവുമായി രാംദേവിന്റെ പതഞ്ജലി ​ഗ്രൂപ്പ് രം​ഗത്തെത്തി. വിഡിയോ എഡിറ്റ് ചെയ്തതായും പ്രസ്താവന നീക്കം ചെയ്തതായുമാണ് പറഞ്ഞത്. അതൊരു സ്വകാര്യ പരിപാടിയായിരുന്നു. അദ്ദേഹത്തിനും പരിപാടിയിൽ പങ്കെടുത്ത മറ്റംഗങ്ങൾക്കും ലഭിച്ച ഫോർവേർഡ് വാട്സാപ് സന്ദേശം വായിച്ചതാണെന്ന് പരാമർശിക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പതഞ്ജലി ഗ്രൂപ്പ് വ്യക്തമാക്കി. അലോപ്പതി ഒരു പുരോഗമന ശാസ്ത്രമാണെന്നും അലോപ്പതി, ആയുർവേദം, യോഗ എന്നിവയുടെ സംയോജനം ദുഷ്‌കരമായ സമയങ്ങളിൽ എല്ലാവർക്കും പ്രയോജനകരമാകുമെന്നും പതഞ്ജലി കൂട്ടിച്ചേർത്തു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നതിന് രാംദേവിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കണമെന്നും ഐ‌എംഎ നേരത്തെ പറഞ്ഞിരുന്നു. രാംദേവ് ആരോഗ്യമന്ത്രിയുടെ മുന്നിൽ ഡോക്ടർമാരെ കൊലപാതകികൾ എന്ന് വിളിച്ചിട്ടുണ്ടെന്നും ഐ‌എംഎ അവകാശപ്പെട്ടു.ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (ഫൈമ) രാംദേവിന് നോട്ടിസ് നൽകി. വിലകുറഞ്ഞ പ്രചാരണത്തിനായി നടത്തിയ അടിസ്ഥാനരഹിതവും നിരുപാധികവുമായ അവകാശവാദങ്ങളെ ഫൈമ അപലപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now