സംസ്ഥാനന്തര യാത്രകള്‍ക്ക് തടസമില്ല, സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ അനുവദിക്കും; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. 

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിലയില്‍ പുതുക്കിയ മാര്‍ഗരേഖ ഇറക്കിയത്. മതപരം, കായികം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും നിയന്ത്രണങ്ങള്‍. മതപരമായ ചടങ്ങുകളില്‍ എത്ര ആളുകളെ പങ്കെടുപ്പിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സ്വിമ്മിങ് പൂളില്‍ എല്ലാവര്‍ക്കും പോകാം. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മാസ്‌ക് അടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും.

സംസ്ഥാനന്തര യാത്രകള്‍ക്ക് തടസമില്ല. ചരക്കുഗതാഗതത്തിനും നിയന്ത്രണം ഉണ്ടാവില്ല. ഇത്തരത്തിലുള്ള യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now