'ബംഗാളില്‍ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു; ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ കടന്നുകയറാനും പദ്ധതിയിട്ടു'

ജെയ്ഷെ ഭീകരന്‍ മുഹമ്മദ് ഹമീം മൊണ്ടാലിനെ വെള്ളിയാഴ്ച പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STFx
Edited by :ആതിര അഗസ്റ്റിന്‍
Last Updated :2 ഓഗസ്റ്റ് 2026, 11:12 am IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരന്‍, മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നതായും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പൊലീസ് യൂണിഫോം ധരിച്ച് കടന്നുകയറി അട്ടിമറി നടത്താന്‍ പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. ജെയ്ഷെ ഭീകരന്‍ മുഹമ്മദ് ഹമീം മൊണ്ടാലിനെ വെള്ളിയാഴ്ച പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അന്നേദിവസം രാത്രി തന്നെ ഇയാളെ കൊല്‍ക്കത്തയിലെത്തിച്ചതായി ഐജി (സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്) ഗൗരവ് ശര്‍മ പറഞ്ഞു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരുമായി മൊണ്ടാലിന് ബന്ധമുണ്ടെന്നും അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ശര്‍മ കൂട്ടിച്ചേര്‍ത്തു. 'മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നത് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാര്‍ ഹമീമിനെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ കുറവുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഇയാളോട് ആവശ്യപ്പെട്ടിരുന്നത്,' ശര്‍മ്മ പറഞ്ഞു. പൊലീസ് യൂണിഫോം സംഘടിപ്പിച്ച് ഡല്‍ഹി ജന്തര്‍ മന്തറിലെ സമീപകാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കടന്നുകയറി അട്ടിമറി നടത്താനും മൊണ്ടാല്‍ പദ്ധതിയിട്ടിരുന്നതായി ഐജി വ്യക്തമാക്കി. പ്രാഥമിക അന്വേഷണമനുസരിച്ച്, സുവേന്ദു അധികാരിയെ കൂടാതെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഈ ഭീകര ശൃംഖലയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൊണ്ടാലിന്റെ കൂട്ടാളിയും പെണ്‍സുഹൃത്തുമായ അര്‍പ്പിത സര്‍ക്കാരിനെ വെള്ളിയാഴ്ച എസ്ടിഎഫ് അറസ്റ്റ് ചെയ്തതോടെ കേസില്‍ ഹണിട്രാപ്പും കൂടി ഉള്‍പ്പെടുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഒരു സഹമന്ത്രിയുടെ മകനെ ഹണിട്രാപ്പില്‍ പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ഇരുവരും ഗൂഢാലോചന നടത്തിയതായി ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഷെഹ്‌സാദ് ഭാട്ടി ഗാംഗുമായി ബന്ധമുള്ള പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഗൂഢാലോചന നടന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പ്രമുഖ വ്യക്തികളുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാരും മൊണ്ടാലും പദ്ധതിയിട്ടിരുന്നു. യുകെ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സിം കാര്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴിയാണ് മൊണ്ടാല്‍ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായത്. പിന്നീട് ഷെഹ്‌സാദ് ഭാട്ടി ഗ്രൂപ്പുമായി ബന്ധപ്പെട്ട പാകിസ്ഥാന്‍ ഏജന്റുമാരുമായി ഇയാള്‍ ബന്ധപ്പെടുകയായിരുന്നു. ആദ്യം ഇന്‍സ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ഇയാള്‍, പിന്നീട് വാട്‌സ്ആപ്പ്, ടെലിഗ്രാം, എലിമെന്റ് എക്‌സ്, സെഷന്‍ തുടങ്ങിയ എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറി. 'റാണ', 'ഉസൈര്‍', 'ആബിദ് ജാട്ട് 333', 'ഹമദ്' എന്നീ പേരുകളിലാണ് പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാര്‍ അറിയപ്പെട്ടിരുന്നത്. ഇവര്‍ പാകിസ്ഥാനിലെ ഷെഹ്‌സാദ് ഭാട്ടി ഗ്യാങുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. വര്‍ഗീയവല്‍ക്കരണം, നാര്‍ക്കോ-ടെറര്‍ പ്രവര്‍ത്തനങ്ങള്‍, യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കല്‍ എന്നിവയില്‍ ഈ സംഘം സജീവമാണ്. മന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാനും മകനെ ഹണിട്രാപ്പിലൂടെ തട്ടിക്കൊണ്ടുപോവാനുമുള്ള നീക്കത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഈ ഭീകര ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

News Now

Summary

Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates