ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ബൈക്കിലെത്തിയ രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ഒഴിക്കുന്ന ദൃശ്യം
Last Updated :20 January 2024, 9:10 am IST

News Now

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സച്ചിന്‍ അറോറ(20), ഹര്‍ഷിദ് അഗര്‍വാള്‍(19), വിരേന്ദര്‍ സിങ് (22) എന്നിവരാണ് പിടിയിലായത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 17കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരക മേഖലയിലാണ് സംഭവം. റോഡരികില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘമാണ് പെണ്‍കുട്ടിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. ഇളയ സഹോദരിക്കൊപ്പമാണ് 17കാരി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 

ആസൂത്രിതമായ ആക്രമണമാണ് മൂവരും ചേര്‍ന്ന് നടത്തിയതെന്ന് പൊലീസ് പറയുന്നു. സച്ചിനും ഹര്‍ഷിദും മോട്ടോര്‍സൈക്കിളില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ഈസമയത്ത് സച്ചിന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ വിരേന്ദര്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിതീര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികള്‍ ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.പ്രതികള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താണ് ആസിഡ് വാങ്ങിയത്. സച്ചിനും സ്‌കൂള്‍ വിദ്യാര്‍ഥിനിയും പരിചയക്കാരാണ്. എന്നാല്‍ സെപ്റ്റംബറില്‍ ഇരുവരും തമ്മില്‍ തെറ്റി. ഇതിലുള്ള പകയാണ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറയുന്നു. എട്ടുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates