കര്‍ഷകന്‍ വിതക്കുന്നതെല്ലാം വിലയില്ലാത്തതും അയാള്‍ വാങ്ങുന്നതെല്ലാം വിലകൂടിയതുമായി മാറുകയാണ്

സത്യപാല്‍ മാലിക് /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ഭാഗ്പത് : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരരംഗത്തുള്ള കര്‍ഷകരെ പിന്തുണച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. കര്‍ഷകരെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. അവരെ ഡല്‍ഹിയില്‍ നിന്ന് വെറും കയ്യോടെ പറഞ്ഞയക്കരുതെന്നും മാലിക് അഭ്യര്‍ത്ഥിച്ചു. 

കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിയമം പോലും രാജ്യത്തില്ല. കര്‍ഷകരെയും സൈനികരെയും തൃപ്തിപ്പെടുത്താതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. കര്‍ഷകരെ അപമാനിക്കരുതെന്നും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സത്യപാല്‍ മാലിക് ആവശ്യപ്പെട്ടു.

വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ചേന. കര്‍ഷകന്‍ വിതക്കുന്നതെല്ലാം വിലയില്ലാത്തതും അയാള്‍ വാങ്ങുന്നതെല്ലാം വിലകൂടിയതുമായി മാറുകയാണ്. എങ്ങനെയാണ് തങ്ങള്‍ ദരിദ്രരായതെന്ന് കര്‍ഷകര്‍ക്ക് പോലും അറിയില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. 

കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ശമ്പളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകളെതുടര്‍ന്ന്, രാത്രി താന്‍ ഇടപെട്ട് അറസ്റ്റ് തടയുകയായിരുന്നു എന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates