വിവാഹശേഷം ലൈംഗിക ബന്ധത്തിനു ഭാര്യ തയാറായില്ലെന്നും ആര്‍ത്തവമാണെന്നു പറഞ്ഞ്  ആറു ദിവസത്തേക്കു സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നും യുവാവ് ഹര്‍ജിയില്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

ഭോപ്പാല്‍:  ഭാര്യ സ്ത്രീയല്ലെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയ്ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. യുവതിയ്ക്കു പുരുഷ ജനനേന്ദ്രിയമാണെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ചതിനാല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് യുവതിയോട് ആവശ്യപ്പെട്ടു.  

യുവതിക്ക്  'ഇംപെര്‍ഫോറേറ്റ് ഹൈമെന്‍' ആണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും യുവാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. യുവതിയില്‍ പുരുഷ  ജനനേന്ദ്രിയത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് യുവാവിന്റെ മറ്റൊരു ആരോപണം. 2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമന്‍സ് അയച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 

ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ലൈംഗിക ബന്ധത്തിനു ഭാര്യ തയാറായില്ലെന്നും ആര്‍ത്തവമാണെന്നു പറഞ്ഞ്  ആറു ദിവസത്തേക്കു സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നും യുവാവ് ഹര്‍ജിയില്‍ പറയുന്നു. പിന്നീട് തിരികെയെത്തിയപ്പോള്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ഭാര്യയ്ക്ക് പുരുഷ ജനനേന്ദ്രിയമാണെന്നു തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിച്ചാലും കുട്ടികളുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും യുവാവ് പറഞ്ഞു. ഹര്‍ജിയില്‍ മധ്യപ്രദേശ് പൊലീസിനും കോടതി നോട്ടിസ് അയച്ചു. 

'ഇംപെര്‍ഫോറേറ്റ് ഹൈമെന്‍'  എന്ന അവസ്ഥ ഉള്ളതു കൊണ്ട് മാത്രം യുവതി സ്ത്രീയല്ലയെന്നും പറയാന്‍ കഴിയുമോയെന്നും യുവതിയുടെ അണ്ഡാശയങ്ങള്‍ സാധാരണ നിലയിലാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പുരുഷ ജനനേന്ദ്രിയമുള്ള യുവതി എങ്ങനെ സ്ത്രീയാകുമെന്നു യുവാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates