‍സംഗീത പരിപാടി എന്ന പേരിൽ ടിക്കറ്റ് വിറ്റു, ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി; അറസ്റ്റിലായവരിൽ ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും  

ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടയിൽ എട്ട് പേർ പിടിയിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് കപ്പൽ നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി തുടങ്ങി. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്. 

സംഗീത പരിപാടി എന്ന നിലയിൽ സംഘടിപ്പിച്ച് ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. 

രണ്ടാഴ്ച മുമ്പാണ് കോർഡിലിയ ക്രൂയിസ് കപ്പൽ ഉത്ഘാടനം ചെയ്തത്. കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെത്തിക്കും. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now