
ആര്‍ബിഐ ചട്ടം വിജയ് സര്‍ക്കാരിന് തിരിച്ചടി? കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രതിസന്ധിയില്‍
വാഗ്ദാനം പൂര്‍ണമായും നടപ്പാക്കണമെങ്കില്‍ ഏകദേശം 15,000 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും

ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയ ടിവികെ സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ നടപ്പാക്കുന്നതിന് ആര്‍ബിഐയുടെ പുതിയ മാനദണ്ഡം തടസ്സമാകുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഈ വാഗ്ദാനം പൂര്‍ണമായും നടപ്പാക്കണമെങ്കില്‍ ഏകദേശം 15,000 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ആ തുക മുഴുവന്‍ 60 ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ടിവരുമെന്ന വ്യവസ്ഥയാണ് പ്രതിസന്ധിയാകുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്നായിരുന്നു ടിവികെയുടെ വാഗ്ദാനം. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് 50,000 രൂപ വരെ വായ്പ എടുത്ത കര്‍ഷകര്‍ക്ക് പൂര്‍ണ ഇളവും, ചെറുകിട കര്‍ഷകര്‍ക്ക് 50 ശതമാനം ഇളവും, വലിയ കര്‍ഷകര്‍ക്ക് 5,000 രൂപ വീതം സഹായവുമാണ് പ്രഖ്യാപിച്ചത്. ഈ വായ്പാ ഇളവ് ഏകദേശം 14.22 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
2024ല്‍ നിലവില്‍ വന്ന ആര്‍ബിഐ മാനദണ്ഡങ്ങള്‍ പ്രകാരം, ഒരു സര്‍ക്കാര്‍ വായ്പാ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചാല്‍ അതിന്റെ സാമ്പത്തിക ബാധ്യത നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ക്കണം. മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പല വര്‍ഷങ്ങളായി ഗഡുക്കളായി ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന രീതിയായിരുന്നു. എന്നാല്‍ പുതിയ ചട്ടം ഇത് അനുവദിക്കുന്നില്ല.
2016ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ച 6,100 കോടി രൂപയുടെ കാര്‍ഷിക വായ്പാ ഇളവ് അഞ്ച് വാര്‍ഷിക ഗഡുക്കളായാണ് സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ച 12,800 കോടി രൂപയുടെ കാര്‍ഷിക വായ്പാ ഇളവും പിന്നീട് അധികാരത്തിലെത്തിയ ഡിഎംകെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ഗഡുക്കളായി തീര്‍ത്തു. ഓരോ വര്‍ഷവും ഏകദേശം 2,100 കോടി മുതല്‍ 2,400 കോടി രൂപവരെയാണ് ഇതിനായി ചെലവഴിച്ചത്.
തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ണമായി നടപ്പാക്കാന്‍ ടിവികെ സര്‍ക്കാരിനു മുന്നില്‍ പുതിയ ചട്ടം വെല്ലുവിളിയായി മാറിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയെന്നത് എളുപ്പമല്ല. അതേസമയം, കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതി വാഗ്ദാന ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
New RBI norms create hurdle for TVK’s crop loan waiver promise
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



