ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര നിരോധിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു

ഫയൽ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാരെ നിരന്തരം നിരീക്ഷിക്കാനും പരിശോധന കര്‍ശനമാക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നോ, ഈ രാജ്യങ്ങള്‍ വഴിയോ വരുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ വൈറസ് വകഭേദത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ, ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയുമായി ചര്‍ച്ച നടത്തും. പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക. 

അതിനിടെ ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങള്‍ക്ക് പുറമേ, ഇസ്രായേലിലും പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മലാവിയില്‍ നിന്നും ഇസ്രായേലില്‍ എത്തിയ ഒരാളിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. മനുഷ്യരുടെ പ്രതിരോധശേഷി വളരെ പെട്ടെന്ന് നശിപ്പിക്കുന്നതും, മറ്റുള്ളവരിലേക്ക് അതിവേഗം പടരുന്നതുമായ പുതിയ വൈറസ് വകഭേദം അപകടകാരിയാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു

പുതിയ വകഭേദത്തിന്റെ വ്യാപനശേഷി, മാരകസ്വഭാവം തുടങ്ങിയവ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു. പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നതാണോ എന്ന് പരിശോധിക്കും. അതിനിടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര നിരോധിക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. 

നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ b.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈക് പ്രോട്ടീന്‍ മാത്രം 30 തവണയാണ് പരിവര്‍ത്തനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പുതിയ വകഭേദം എയ്ഡ്‌സ് രോഗിയില്‍ നിന്നോ?

കോശങ്ങളില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്ന റിസപ്റ്റര്‍ ബൈന്‍ഡിംഗ് ഡൊമെയ്ന്‍ ഭാഗത്ത് മാത്രം 10 തവണയാണ് ജനിതക മാറ്റം സംഭവിച്ചത്. ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ ഇത് രണ്ടു തവണ മാത്രമാണ്. ഒരു രോഗിയില്‍ നിന്നാണ് ഈ വകഭേദം ഉണ്ടായത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എച്ചഐവി പോലെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുന്ന കടുത്ത രോഗം ബാധിച്ച ആളില്‍ നിന്ന് പുതിയ വകഭേദം രൂപാന്തരം പ്രാപിച്ചതാകാമെന്നാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുസിഎല്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറയുന്നത്.