ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയില്ല; രാഹുലിന്റെ ലണ്ടന്‍ പ്രസംഗത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന് എതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

നരേന്ദ്ര മോദി ബെംഗളൂരുവില്‍/ എഎന്‍ഐ
Last Updated :20 January 2024, 9:18 am IST

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന് എതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനില്‍ ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചു. അതേസമയമ, മറ്റു ചിലര്‍ അതേ സ്ഥലത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി. ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ സാധിക്കില്ല'- രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. കര്‍ണാടകയിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ണാടകയിലെ ജനങ്ങള്‍ ഇത്തരക്കാരായ മനുഷ്യരെ കരുതിയിരിക്കണം. മോദിക്ക് ശവക്കല്ലറ ഒരുക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. അതേസമയം, മോദി ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു. തനിക്ക് പതിനായിരക്കണക്കായ അമ്മമാരുടേയും സഹോദരിമാരുടേയും പെണ്‍മക്കളുടേയും അനുഗ്രഹമുണ്ടെന്ന് തന്റെ ശവക്കല്ലറ പണിയണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസിന് അറിയില്ല. അതാണ് തന്റെ ഏറ്റവും വലിയ കവചം- മോദി പറഞ്ഞു. 

ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് എന്നായിരുന്നു ലണ്ടനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക്‌സഭയില്‍ താനടക്കമുള്ള നേതാക്കള്‍ സംസാരിക്കുമ്പോള്‍ മൈക്രോഫോണുകള്‍ ഓഫാകുന്നു. ബിബിസി ഓഫീസുകള്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ പ്രസംഗത്തിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now