ട്രെയിൻ ദുരന്തം; പരിക്കേറ്റവരുമായി പ്രത്യേക തീവണ്ടി ചെന്നൈയിലെത്തി, സംഘത്തിൽ 10 മലയാളികളും

പരിക്കേറ്റവരുമായി ഒഡീഷയിൽ നിന്നും പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി

യാത്രക്കാർ ചെന്നൈയിൽ എത്തിയപ്പോൾ/ എഎൻഐ
Last Updated :20 January 2024, 9:21 am IST

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചെന്നൈയിൽ എത്തിയ സംഘത്തിൽ പത്ത് മലയാളികളുമുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്വീകരിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യനും റവന്യു മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനും ഉണ്ടായിരുന്നു.  

യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. ആറ് ആശുപത്രികളിലായി 207 ഐസിയുകളും 250 കിടക്കകളും സജ്ജമാണ്. ചെന്നൈയിൽ എത്തിയ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏഴ് പേർക്ക് നിസാര പരിക്കുകളുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. അവരെ രാജീവ് ​ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. 

അതേസമയം ട്രെയിൻ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ. സി​ഗ്നലിലെ പിഴവു കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുക. 288 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 56 പേരുടെ പരിക്ക് ഗുരുതരമാണെന്നും റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ഗതാഗതം പുന: സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now