കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ പാലസ് ഓണ്‍ വീല്‍സിന്റെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:04 am IST

News Now

ജയ്പുർ: ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു. പൊതു- സ്വകാര്യ പാര്‍ട്ണര്‍ഷിപ്പില്‍ പാലസ് ഓണ്‍ വീല്‍സ് തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് രാജസ്ഥാന്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായ ധര്‍മേന്ദ്ര റാത്തോഡ് പറഞ്ഞു. 1982 മുതല്‍ ഇന്ത്യന്‍ റെയില്‍വേയുമായി രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍ടിഡിസി) സഹകരിച്ചാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. 

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ അഭിമാന പദ്ധതിയാണ് പാലസ് ഓണ്‍ വീല്‍സ് എന്നും അത് തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധര്‍മേന്ദ്ര റാത്തോഡ് വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം രാജസ്ഥാന്‍ അധികൃതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു റാത്തോഡിന്റെ പ്രതികരണം.

Story image

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ പാലസ് ഓണ്‍ വീല്‍സിന്റെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 

പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ 39 ഡീലക്‌സ് ക്യാബിനുകളും രണ്ട് സൂപ്പര്‍ ഡീലക്‌സ് ക്യാബിനുകളുമാണുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.

Story image

ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് ആരംഭിക്കുന്ന യാത്ര ജയ്പുർ, സവായ് മധോപുര്‍, ചിറ്റോര്‍ഗഡ്, ഉദയ്പുർ, ജയ്‌സാല്‍മിര്‍, ജോധ്പുർ, ഭരത്പുർ, ആഗ്ര എന്നിവടങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഏഴാം ദിവസം വൈകീട്ട് മടങ്ങിയെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.

23 കോച്ചുകളുള്ള ട്രെയിനിൽ ഓരോ കോച്ചിനും പഴയ രജപുത്ര നാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കം ലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.

Story image

സീസണുകള്‍ അനുസരിച്ചാണ് പാലസ് ഓണ്‍ വീല്‍സിന്റെ ടിക്കറ്റ് നിരക്കുകള്‍. ടൂറിസ്റ്റ് സീസണില്‍ ഡീലക്‌സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 5,98,290 രൂപയും ടാക്‌സും സൂപ്പര്‍ ഡീലക്‌സ് ക്യാബിന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 10,76,922 രൂപയും ടാക്‌സുമാണ് നിരക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates