സില്‍വര്‍ ലൈനില്‍ ചൂടുപിടിച്ച് പാര്‍ലമെന്റ്; രാജ്യസഭയില്‍ ഏറ്റുമുട്ടി കേരള എംപിമാര്‍

രാജ്യസഭയില്‍ സിപിഎം എംപി എളമരം കരീമും കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു

കെ റെയില്‍ രൂപരേഖ, പാര്‍ലമെന്റ്
Last Updated :20 January 2024, 8:57 am IST


ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടി കേരള എംപിമാര്‍. രാജ്യസഭയില്‍ സിപിഎം എംപി എളമരം കരീമും കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പദ്ധതിക്ക് അനുമതി നല്‍കണം എന്നായിരുന്നു കരീമിന്റെ ആവശ്യം. 

' സില്‍വര്‍ ലൈന്‍ ഗ്രീന്‍ ട്രാന്‍സ്‌പോട്ടേഷന്‍ പദ്ധതിയാണ്. പ്രതിദിനം രണ്ട് ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതളളുന്നത് കുറയ്ക്കാന്‍ സാധിക്കും. പദ്ധതിയുടെ നിര്‍മ്മാണ സമയത്ത് 15,000പേര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. നിര്‍മ്മാണം കഴിഞ്ഞ് 11,000പേര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. എത്രയും വേഗം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്'- കരീം പറഞ്ഞു. 

എന്നാല്‍, പാരിസ്ഥിതിക അനുമതിയില്ലാതെ കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തിലെ മൊത്തം ജനങ്ങളും പദ്ധതിക്ക് എതിരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

എന്നാല്‍, സഭയില്‍ ഇതേച്ചൊല്ലി വിവാദം വേണ്ടെന്നും പദ്ധതിയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. 

വാക്കുകള്‍ വളച്ചൊടിച്ചു: സുധാകരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണ് കോണ്‍ഗ്രസ് എന്ന വിധത്തില്‍ തന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതിവേഗ റെയില്‍പാത സംസ്ഥാനത്തിന് വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് അതിന്റെ പ്രായോഗിക വശം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാങ്കേതികവശം പഠിച്ചും മറ്റും പദ്ധതിയുടെ ഗുണവും ദോഷവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍്ക്കാര്‍ തയ്യാറാവണമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


'2019 ല്‍ തത്വത്തില്‍ അനുമതി ലഭിച്ചു'ചകെ എന്‍ ബാലഗോപാല്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതിക്ക് നേരത്തെ 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് കൊണ്ട് ധനമന്ത്രി വിശദീകരിച്ചു.

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രത്തിന്റെ അനുമതി ഉള്ളതാണ്. ധനമന്ത്രാലയവും ഇതിന് അനുകൂലമായി കത്ത് നല്‍കിയിരുന്നു. കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അനുമതി നല്‍കിയത്.

തത്വത്തില്‍ അം?ഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അലൈന്‍മെന്റില്‍ പ്രാഥമിക പരിശോധനയാണ് നടന്നത്. കേന്ദ്രം നിര്‍ദേശിക്കുന്ന മാറ്റം ഡിപിആറില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now