'അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്'; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

കൊലപാതകം സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ എസ് ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘു ഗണേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ് മുരുകന്‍, എ സാമിദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം മുത്തുരാജ്, എസ് ചെല്ലദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, എസ് വെയില്‍മുത്തു എന്നിവര്‍ക്കാണ് വധശിക്ഷ

Sathankulam custodial deaths: Madurai court awards death penalty to nine policemen
സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ
Edited by :Sujith
Last Updated :6 ഏപ്രിൽ 2026, 7:50 pm IST

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണെന്ന് വിലയിരുത്തിയാണ് മധുര ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ണായകമായ വിധി. ജഡ്ജി ജി മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ, മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥര്‍ 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം നടന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ എസ് ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘു ഗണേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ് മുരുകന്‍, എ സാമിദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം മുത്തുരാജ്, എസ് ചെല്ലദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, എസ് വെയില്‍മുത്തു എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പത്താം പ്രതിയായിരുന്ന സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ വിചാരണയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

2020 ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് പി ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വെച്ച് ഇരുവരെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകള്‍ കാരണം ജൂണ്‍ 22ന് ബെന്നിക്‌സും തൊട്ടടുത്ത ദിവസം ജയരാജും മരണപ്പെടുകയായിരുന്നു.

നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അത് ലംഘിച്ച് ക്രൂരകൃത്യം ചെയ്ത ഈ കേസ് 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന്' കോടതി നിരീക്ഷിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം ആവര്‍ത്തിച്ചുള്ള മര്‍ദ്ദനമാണ് മരണകാരണമെന്ന് കോടതി കണ്ടെത്തി. പരിക്കുകള്‍ സ്വയം വരുത്തിവെച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം ജഡ്ജി പൂര്‍ണ്ണമായും തള്ളി. കസ്റ്റഡി മരണം വലിയ രാഷ്ട്രീയ - സാമൂഹിക വിവാദമായതോടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തില്‍ സ്വമേധയാ ഇടപെട്ടു. പൊലീസിന്റെ ഭാഗത്തുനിന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്ന് അന്വേഷണം ആദ്യം സിബി-സിഐഡിക്കും പിന്നീട് സിബിഐക്കും കൈമാറി.

News Now

Summary

Sathankulam custodial deaths: Madurai court awards death penalty to nine policemen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates