'വ്യാജമായ മുന്‍കാല വിധികള്‍', നിയമനടപടികളിലെ എഐ ഉപയോഗം വിനാശകരം: സുപ്രീംകോടതി

നിയമപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മനുഷ്യന്റെ നേരിട്ടുള്ള മേല്‍നോട്ടം അത്യാവശ്യമാണെന്നും യന്ത്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്നും ജസ്റ്റിസുമാര്‍ വ്യക്തമാക്കി

Supreme Court
Supreme Court Samakalika Malayalam
Edited by :ആതിര അഗസ്റ്റിന്‍
Last Updated :3 ജൂലൈ 2026, 11:16 am IST

ന്യൂഡല്‍ഹി: കോടതിയുടെ വിധിന്യായങ്ങളില്‍ നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് നിര്‍മിച്ച തെറ്റായ വിവരങ്ങളും വ്യാജമായ മുന്‍കാല വിധികളും ഉള്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. എസ്സെല്‍ ഇന്‍ഫ്രാ പ്രോജക്ട്സുമായി ബന്ധപ്പെട്ട കേസില്‍, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ നിലവിലില്ലാത്ത നിയമ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ആ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിക്കൊണ്ട് ഈ നിരീക്ഷണം നടത്തിയത്.

നിയമപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മനുഷ്യന്റെ നേരിട്ടുള്ള മേല്‍നോട്ടം അത്യാവശ്യമാണെന്നും യന്ത്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്നും ജസ്റ്റിസുമാര്‍ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യ സഹായത്തിനായി ഉപയോഗിക്കാമെങ്കിലും, അത് നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കരുതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമരംഗത്ത് എഐയുടെ അനിയന്ത്രിതമായ കടന്നുകയറ്റം തടയാനാണ് സുപ്രീംകോടതിയുടെ നീക്കം. നിയമനടപടികളില്‍ എഐ ഉപയോഗിക്കുന്നതിനോട് ഒട്ടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് വേണ്ടതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്‌സി കോഡിന്റെ സെക്ഷന്‍ 7 പ്രകാരം എസ്സല്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്‌സ് ലിമിറ്റഡിനെതിരെ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് ലിമിറ്റഡ് ആരംഭിച്ച നടപടികളില്‍നിന്നുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

നിലവിലില്ലാത്തതും വ്യാജവുമായ ഉദ്ധരണികള്‍ നിര്‍മ്മിക്കാന്‍ എഐ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച മുന്‍വിധികള്‍ ഉദ്ധരിക്കുന്നത് ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പരിശോധനയില്ലാതെ എ.ഐ. നിർമ്മിത മുൻകാല വിധികൾ ഹാജരാക്കുന്നതിനോ ഉദ്ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ കോടതികൾ ‘സീറോ ടോളറൻസ്’ രീതി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വിഷയത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ബാർ കൗൺസിലിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

News Now

Summary

SC calls for zero tolerance on fake AI verdicts, sets aside NCLT judgment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates