'ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?'; സമയപരിധി നീട്ടണമെന്ന ആരവല്ലി സമിതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ഈ വര്‍ഷം നവംബര്‍ 30നകം ജോലി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

Aravalli Hills
Aravalli Hillsഎക്‌സ്‌
Edited by :Jayakumar
Last Updated :7 സെപ്റ്റംബർ 2026, 5:09 pm IST

ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി ഏകീകൃത നിര്‍വചനം രൂപീകരിക്കാന്‍ നിയോഗിച്ച ഉന്നതധികാര സമിതി, റിപ്പോര്‍ട്ട് നല്‍കാന്‍ സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് കൂടി നീട്ടിനല്‍കണമെന്നാണ് വിദഗ്ധ സമിതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളി.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം 2027 ഫെബ്രുവരി 28 വരെ നീട്ടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ എന്ന്, ഈ ആവശ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയോട് ചോദിച്ചു. സമയപരിധി നീട്ടി നല്‍കാനാവില്ലെന്നും, ഈ വര്‍ഷം നവംബര്‍ 30നകം ജോലി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

'ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?. അവര്‍ക്ക് കഴിയില്ലെങ്കില്‍ ഞങ്ങള്‍ സമിതി പുനഃസംഘടിപ്പിച്ചുകൊള്ളാം. കമ്മിറ്റി രാപകല്‍ ജോലി ചെയ്ത്, നിശ്ചിത സമയപരിധിയ്ക്കകം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനും' ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കമ്മിറ്റി അതിന്റെ കണ്ടെത്തലുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് സമഗ്രമായ കൂടിയാലോചന പ്രക്രിയ നടത്തണം. ആരവല്ലി ഭൂപ്രകൃതിയെ സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് മുമ്പ്, രാജസ്ഥാനിലെയും ഗുജറാത്തിലെയും ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടേയും ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരവല്ലി മലനിരകളെ ശാസ്ത്രീയമായി നിര്‍വചിക്കുന്നതിനും ഖനന പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോസ്ട്രറി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കഞ്ചന്‍ ദേവിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതിയെ രൂപീകരിച്ചത്. കൂടുതല്‍ വിവരശേഖരണവും ഫീല്‍ഡ് പരിശോധനകളും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിദഗ്ധ സമിതി 2027 ഫെബ്രുവരി 28 വരെ സമയം നീട്ടി ചോദിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

News Now

Summary

Supreme Court rejects extension for Aravalli Hills expert panel report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates