രാജീവ് കുമാറിന്റെ കാലാവധി തീരുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടെത്താന്‍ നിര്‍ണായക യോഗം ഉടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അടുത്തയാഴ്ച ആദ്യ ദിവസങ്ങളില്‍ തന്നെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Modi and rahul
Center-Center-Chennai
Edited by :Anoop N P
Last Updated :14 ഫെബ്രുവരി 2025, 7:34 pm IST

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് നടപടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പേരില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അടുത്തയാഴ്ച ആദ്യ ദിവസങ്ങളില്‍ തന്നെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്ക് പുറമെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടെത്തുക. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുക.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് നടപടികള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പാനല്‍ നടപടി ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സ്വാധീനം കുടുതലാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

ഏറ്റവും മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷണറെ (ഇസി) സിഇസി ആയി ഉയര്‍ത്തുകയായിരുന്നു ഇതുവരെയുള്ള രീതി. പുതിയ രീതി അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ പേരുകള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പാനലിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും സെലക്ഷന്‍ കമ്മിറ്റി തസ്തികകളിലേക്ക് പേരുകള്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പദവിയിലേക്കും സിഇസിക്ക് പുറമേ, രാജീവ് കുമാറിന്റെ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവ് നികത്താന്‍ ഒരു പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെയുമായിരിക്കും നിയമിക്കുക.

രാജ്യത്ത് ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങള്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചുമതലയേറ്റെടുക്കുന്നത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now