
'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി
2005 ലെ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സഹായി തുളസീറാം പ്രജാപതി എന്നിവരാണ് കൊല്ലപ്പെട്ടത്

ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 21 പൊലീസുകാര്‍ ഉള്‍പ്പെടെ 22 പ്രതികളെ വിട്ടയച്ച വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജി പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം. പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണയ്ക്കിടെ 92 പ്രോസിക്യൂഷന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവമായ വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2005ലെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ, സൊഹ്റാബുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന് റിബാബുദ്ദീന് ഷെയ്ഖ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 2005 ലെ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സഹായി തുളസീറാം പ്രജാപതി എന്നിവരാണ് കൊല്ലപ്പെട്ടത്. വിചാരണയ്ക്കിടെ 92 സാക്ഷികള്‍ കൂറുമാറിയെന്നതില് കോടതി ആശങ്ക പ്രകടിപ്പിച്ചു.
'92 സാക്ഷികള്‍ കൂറുമാറിയെന്നത് ഗൗരവകരമായ വിഷയമാണ്. കീഴ്ക്കോടതികളുടെ കണ്ടെത്തലുകള്‍ ഒരേപോലെയായിരുന്നെങ്കിലും, വിചാരണ നീതിയുക്തവും ന്യായവുമായിരുന്നോ എന്നത് പരിശോധിക്കേണ്ടതുണ്ട്'. ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസും സമാനമായ അഭിപ്രായം രേഖപ്പെടുത്തുകയും, ചില സാക്ഷികളുടെ മൊഴികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
കേസിന്റെ പൂര്‍ണ്ണമായ റെക്കോര്‍ഡുകളും വിളിച്ചുവരുത്തുന്നില്ല. എന്നാല്‍, നിര്‍ണായകമെന്ന് തോന്നുന്ന മൂന്നോ നാലോ സാക്ഷിമൊഴികള്‍ ഹാജരാക്കണം. വെറുതെവിട്ട വിധി കോടതി പരിശോധിക്കും. ചില സാക്ഷി മൊഴികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും, തന്റെ സഹോദരനും ഭാര്യയും സുഹൃത്തും മരിച്ചത് രക്തം മരവിപ്പിക്കുന്ന കൊലപാതകമാണെന്നും, പരാതിക്കാരനായ റിബാബുദ്ദീന് ഷെയ്ഖിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
അമിത് ഷായെ കുറ്റവിമുക്തനാക്കിയത് പുനഃപരിശോധിക്കില്ല
അതേസമയം, ഈ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2014 ഡിസംബറില്‍ വിചാരണക്കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടിയെ ചോദ്യം ചെയ്ത് മനിയാര്‍ കല്‍പേഷ് കുമാര്‍ എന്നയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജികള്‍ നേരത്തെ തന്നെ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഈ പുതിയ ഹര്‍ജി നല്‍കിയതെന്ന് നിരീക്ഷിച്ചുകൊണ്ട് അപ്പീല്‍ തള്ളുകയായിരുന്നു. ഹൈക്കോടതി വിധിയുടെ 43-ാം ഖണ്ഡികയിലെ കാര്യങ്ങള്‍ സുപ്രീം കോടതി പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ബാഗ്ചിയും വ്യക്തമാക്കി.
പ്രോസിക്യൂഷന് കേസ് പ്രകാരം, 2005-ല്‍ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഒരു സംഘം പൊലീസുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഹമ്മദാബാദിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. സൊഹാരാബുദ്ദീന്റെ സഹായിയായ പ്രജാപതി 2006-ല്‍ ഗുജറാത്ത്-രാജസ്ഥാന് അതിര്‍ത്തിയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
കേസില്‍ 2018 ഡിസംബറില്‍, 22 പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരങ്ങള്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി 2026 മെയില്‍ കീഴ്ക്കോടതി വിധി ശരിവെച്ചത്. വെറുതെവിട്ടവരില്‍ 21 പേര് ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ, രാജസ്ഥാന് ആഭ്യന്തര മന്ത്രിയായിരുന്ന ഗുലാബ് ചന്ദ് കഠാരിയ തുടങ്ങിയവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമുണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുള്‍പ്പടെ 16 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Sohrabuddin Shaikh Case : '92 witnesses turning hostile serious concern' : Supreme Court issues notice
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



