'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു

Trinamool Congress
തൃണമൂൽ കോൺ​ഗ്രസ് ചിഹ്ന തർക്കംപിടിഐ
Edited by :Jayakumar
Last Updated :28 സെപ്റ്റംബർ 2026, 2:38 pm IST

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (AITC) ചിഹ്നത്തര്‍ക്കത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍, ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

ബംഗാള്‍ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം. തര്‍ക്കത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ താല്‍ക്കാലിക നടപടിയെന്ന നിലയിലാണ് കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചിരുന്നത്.

സമാനമായ പാര്‍ട്ടി ചിഹ്ന തര്‍ക്കങ്ങളില്‍ മുന്‍കാലങ്ങളില്‍ തീരുമാനമെടുക്കാന്‍ എടുത്ത സമയം വ്യക്തമാക്കുന്ന ഒരു പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇത്തരം ചിഹ്ന തര്‍ക്കം കൈകാര്യം ചെയ്യുന്നത് ഇതാദ്യമല്ലെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിലവിലെ വിഷയത്തിലും സമാനമായ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് അറിയിച്ചു.

മമത ബാനര്‍ജിയുടെ പക്ഷം ഇതിനകം മറുപടി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ എതിര്‍വിഭാഗത്തില്‍ നിന്നുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മറുപടി സമര്‍പ്പിക്കാന്‍ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള എതിര്‍വിഭാഗത്തിന് നാല് ആഴ്ച സമയം കോടതി അനുവദിച്ചു. അതിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. തര്‍ക്കവുമായി ബന്ധപ്പെട്ട് മറ്റൊരു അഭിപ്രായവും പ്രകടിപ്പിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.

News Now

Summary

Supreme Court directs decision on Trinamool symbol dispute within three months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates