ട്രിബ്യുണലുകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു ; വിധികള്‍ മാനിക്കുന്നില്ല ; ക്ഷമ പരീക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ചക്കുള്ളില്‍ നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട്  നിര്‍ദേശിച്ചു

സുപ്രീംകോടതി /ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

ന്യൂഡല്‍ഹി: രാജ്യത്തെ ട്രിബ്യുണലുകളെ ദുര്‍ബലപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണ്. കോടതി വിധികളെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി ആരോപിച്ചു.  ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. 

ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ചക്കുള്ളില്‍ നികത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഇന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എന്‍സിഎല്‍ടി, എന്‍സിഎല്‍എടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന സമിതികള്‍ നല്‍കുന്ന നിയമന ശുപാര്‍ശകളില്‍ പോലും സര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ല. ഐ ബി യുടെ ക്ലിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതികള്‍ ശുപാര്‍ശ ചെയ്തത്.

ജഡ്ജിമാരെ പോലും കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയ അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസ്സാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. രാജ്യത്തെ 19 ട്രിബ്യൂണലുകളില്‍ നിലവില്‍ അധ്യക്ഷന്മാരില്ല. ജുഡീഷ്യല്‍ അംഗങ്ങളുടെ 110 ഒഴിവുകളും സാങ്കേതിക അംഗങ്ങളുടെ 111 ഒഴിവുകളുമാണ് ഉള്ളത്. ഇതില്‍ പരമാവധി ഒഴിവുകള്‍ അടുത്ത തിങ്കളാഴ്ചയ്ക്കകം നികത്തണമെന്ന് കോടതി നിര്‍ദേശിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now