ഉത്തർപ്രദേശിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now


ന്യൂഡൽഹി: ലോക്സഭ എംപിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. സുപ്രീം കോടതി പരിസരത്ത് വെച്ചാണ് ആത്മഹത്യാശ്രമം.  ഉത്തർപ്രദേശിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

പൊള്ളലേറ്റ പെൺകുട്ടിയും സുഹൃത്തും ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച സുപ്രീംകോടതിയിൽ കടക്കാൻ ഇവർ ശ്രമിച്ചിരുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഇരുവരെയും ഡി ഗേറ്റിനു മുന്നിൽ തടഞ്ഞു. ഇതിന് പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‍വാൻദാസ് റോഡിലായിരുന്നു യുവതിയുടെയും സുഹൃത്തിൻറെയും ആത്മഹത്യ ശ്രമം.

എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി തീകൊളുത്തും മുൻപ് ഇവർ ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു. അതുൽ റായിയുടെ സഹോദരൻ നൽകിയ പരാതിയിൽ പെ‍ൺകുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 2019 മുതൽ അതുൽ റായ് ജയിലിലാണ്. 2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു പെൺകുട്ടിയുടെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates