ആശങ്ക ഒഴിയുന്നില്ല; കോവിഡ് മൂന്നാം തരംഗവും ഗുരുതരം; പഠനറിപ്പോര്‍ട്ട്

ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്താല്‍ വ്യാപനം ഗണ്യമായി കുറയ്ക്കാനാവും 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം പോല തന്നെ ഗുരുതരമായിരിക്കും മൂന്നാതരംഗമെന്ന് എസ്ബിഐ പഠനറിപ്പോര്‍ട്ട്. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്താല്‍ വ്യാപനം ഗണ്യമായി കുറയ്ക്കാനാവുമെന്നും  98ദിവസം വരെ ഇതു തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗമാകട്ടെ 108 ദിവസവും. രണ്ടാം തരംഗത്തില്‍നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാം തരംഗം. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതില്‍നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയില്‍ ഇത് 4.2 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യം തയാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ പ്രതിദിന കേസുകള്‍ 4.14 ലക്ഷം വരെ ഉയര്‍ന്നിരുന്നു. 

രാജ്യത്ത് ഇപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. മേയില്‍ ഇന്ത്യയില്‍ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തില്‍ ഉണ്ടാകുന്ന രോഗികളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഏപ്രിലില്‍ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വര്‍ധനയാണ് മേയിലുണ്ടായത്. മേയ് മാസത്തില്‍ മാത്രം 1.2 ലക്ഷം കോവിഡ് മരണങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തരംഗത്തില്‍ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായാല്‍ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോര്‍ട്ട് പറയുന്നത്.

നിലവില്‍ രാജ്യത്ത് 12.3 ശതമാനം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സീനെങ്കിലും എടുത്തിട്ടുള്ളത്. 3.27 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു. ജൂലൈ പകുതിയോടെ പ്രതിദിനം വാക്‌സിനേഷനുകളുടെ എണ്ണം ഒരു കോടിയാക്കി ഉയര്‍ത്താനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now