നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഒരു പ്രമുഖന്‍ കൂടി പിടിയില്‍; ആരാണ് അറസ്റ്റിലായ 'എം സര്‍'?

മൊട്ടേഗാവ്കറുടെ മൊബൈല്‍ ഫോണില്‍ നിന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയിരുന്നു

Shivraj Motegaonkar
Shivraj Motegaonkarഎക്സ്
Edited by :jayakumarna
Last Updated :18 മേയ് 2026, 5:26 pm IST

ന്യൂഡല്‍ഹി: NEET UG ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ 'രേണുകായ് കെമിസ്ട്രി ക്ലാസസ്' (RCC) എന്ന കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കേന്ദ്ര ഏജന്‍സി നടത്തിയ പരിശോധനയില്‍ മൊട്ടേഗാവ്കറുടെ മൊബൈല്‍ ഫോണില്‍ നിന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയിരുന്നു.

നീറ്റ് യുജി (NEET UG) പേപ്പര്‍ ചോര്‍ത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരുന്ന സംഘടിത മാഫിയയിലെ സജീവ അംഗമായിരുന്നു മൊട്ടേഗാവ്കര്‍ എന്നാണ് സിബിഐ ആരോപിക്കുന്നത്. മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി, 2026 ഏപ്രില്‍ 23-ലെ പരീക്ഷയ്ക്ക് മുന്നോടിയായി മൊട്ടേഗാവ്കര്‍ ചോദ്യപ്പേപ്പറും ഉത്തരങ്ങളും കൈപ്പറ്റി. ഈ ചോദ്യപ്പേപ്പര്‍ മൊട്ടേഗാവ്കര്‍ നിരവധി ആളുകള്‍ക്ക് വിതരണം ചെയ്തതായും സിബിഐ ആരോപിക്കുന്നു.

ആരാണ് മൊട്ടേഗാവ്കര്‍ ?

മഹാരാഷ്ട്രയിലെ നീറ്റ് (NEET), ജെ.ഇ.ഇ (JEE) പരീക്ഷാ പരിശീലന രംഗത്തെ വളരെ പ്രമുഖനായ ഒരു വ്യക്തിത്വമാണ് മൊട്ടേഗാവ്കര്‍. ലാത്തൂരില്‍ നിന്നുള്ള ഒരു കെമിസ്ട്രി അധ്യാപകനായ മൊട്ടേഗാവ്കര്‍, കോച്ചിങ് രംഗത്ത് 'എം സര്‍' എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നു. ആര്‍ സി സി ക്ലാസസ് (RCC Classes - Renukai Career Center) എന്ന സ്ഥാപനത്തെ മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോച്ചിംഗ് ബ്രാന്‍ഡുകളില്‍ ഒന്നായി അദ്ദേഹം വളര്‍ത്തിയെടുത്തു.

ലാത്തൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് മൊട്ടേഗാവ്കര്‍. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നഗരത്തിലുടനീളം സൈക്കിളില്‍ സഞ്ചരിച്ച് പ്രൈവറ്റ് ട്യൂഷനുകള്‍ എടുത്തുകൊണ്ടാണ് അദ്ദേഹം അധ്യാപനം ആരംഭിച്ചത്. 1990-കളുടെ അവസാനത്തില്‍, വാടകയ്ക്കെടുത്ത ഒരു ചെറിയ മുറിയില്‍ പത്തോളം വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം കോച്ചിങ് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു.

കെമിസ്ട്രി നേരിട്ട് പഠിപ്പിക്കുക, സ്വന്തംകൈപ്പടയില്‍ നോട്ടുകള്‍ തയ്യാറാക്കുക, 11, 12 ക്ലാസുകളിലെയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെയും ചെറിയ ബാച്ചുകള്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം അദ്ദേഹം തന്നെയായിരുന്നു ചെയ്തിരുന്നത്. മത്സരപരീക്ഷകളില്‍ ടോപ്പര്‍മാരെ സൃഷ്ടിക്കുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രശസ്തമായ 'ലാതൂര്‍ പാറ്റേണിനൊപ്പം' മൊട്ടേഗാവ്കറുടെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടും വളര്‍ന്നു പന്തലിക്കുകയായിരുന്നു.

News Now

Summary

Who Is Shivraj Motegaonkar, The 'M Sir' Of Maharashtra Coaching Now Under NEET Paper Leak Probe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates