
തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ലയനമാണ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നതിനിടെ, ലോക്സഭയിലെ 28 പാര്‍ട്ടി എംപിമാരില്‍ 20 പേര് പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി എംപിമാരില്‍ മൂന്നില്‍ രണ്ട് വരുമെങ്കിലും ഈ എംപിമാര്‍ അയോഗ്യത നേരിടേണ്ടി വന്നേക്കും. ഇവര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നാണ് ഭരണഘടനാ വിദഗ്ധരുടെ വിലയിരുത്തല്‍.
കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ 20 എംപിമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാര്‍ഥത്തില്‍ എത്ര എംപിമാര്‍ പാര്‍ട്ടിയുമായി അകലം പാലിക്കുന്നുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ 16 എംപിമാരാണ് വിമതരെന്നും 12 പേര് ഇപ്പോഴും പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ പക്ഷത്താണെന്നും പ്രതികരിച്ചിരുന്നു.
തൃണമൂല്‍ എംപി ശര്‍മിള സര്‍ക്കാര്‍, 20 എംപിമാര്‍ എന്‍ഡിഎയെ പിന്തുണയ്ക്കാനായി പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ അഴിമതിയാണ് ഇതിന് കാരണമെന്നും അവര്‍ ആരോപിച്ചു. വിമതരുടെ യോഗം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഡല്‍ഹി വസതിയില്‍ നടന്നതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഭരണഘടനയുടെ പത്താം പട്ടിക പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം വിമത എംപിമാര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ ലോക്സഭ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയുടെ അഭിപ്രായത്തില്‍, 20 എംപിമാര്‍ പാര്‍ട്ടി വിട്ടാല്‍ അത് കൂറുമാറ്റമായി കണക്കാക്കപ്പെടും. അവര്‍ അയോഗ്യത നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി സ്വന്തം പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അയോഗ്യനാക്കാം. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ലയനമാണ്.
ഒരു പാര്‍ട്ടി മറ്റൊന്നുമായി ലയിക്കുകയും അതിനെ കുറഞ്ഞത് മൂന്നില്‍ രണ്ടുഭാഗം നിയമസഭാ/ പാര്‍ലമെന്ററി അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്താല്‍ മാത്രമാണ് അയോഗ്യത ഒഴിവാക്കാന്‍ സാധിക്കുക. 20 പേര് എന്ന സംഖ്യയ്ക്ക് ഇപ്പോള്‍ പ്രാധാന്യമില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുമായി ലയിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ ആ സംഖ്യയ്ക്ക് നിയമപരമായ പ്രസക്തിയുണ്ടാകൂ എന്നാണ് ആചാരി വ്യക്തമാക്കിയത്. എംപിമാര്‍ മാത്രം പാര്‍ട്ടിയല്ലെന്നും, മുഴുവന്‍ സംഘടനയും ചേര്‍ന്നതാണ് രാഷ്ട്രീയ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ലയനം എന്നതിലൂടെ നിയമസഭാ പാര്‍ട്ടിയുടെ മാത്രം ലയനമല്ലെന്നും സംഘടനയുടെ ലയനമാണെന്നും സീനിയര്‍ അഭിഭാഷകന് സൗരഭ് കിര്‍പാല്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ എംപിമാര്‍ മാത്രം വേര്‍പെട്ട് പുതിയ ബ്ലോക്ക് രൂപീകരിക്കുന്നതിനെ ലയനമായി കണക്കാക്കാനാവില്ല. 2004ല്‍ നിയമം ഭേദഗതി ചെയ്യുന്നതിന് മുമ്പ്, ഒരു പാര്‍ട്ടിയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ വേര്‍പെട്ടാല്‍ അയോഗ്യതയില്‍ നിന്ന് ഒഴിവാകാമായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ പിന്നീട് നീക്കം ചെയ്യുകയും ലയനം മാത്രം അയോഗ്യതയില്‍ ഒഴിവാക്കാനുള്ള മാര്‍ഗമായി നിലനിര്‍ത്തുകയും ചെയ്തു. കൂറുമാറ്റവും രാഷ്ട്രീയ കച്ചവടവും തടയാനായിരുന്നു ഈ മാറ്റമെന്ന് കിര്‍പാല്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളില്‍ വിഭജനമുണ്ടായാല്‍, തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെങ്കിലും, അതും ലയനത്തിന് തുല്യമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ലോക്സഭയില്‍ മൂന്നില്‍ രണ്ട് എംപിമാരുടെ പിന്തുണ ലഭിച്ചാലും തൃണമൂലിന്റെ വിമത എംപിമാര്‍ അയോഗ്യത നേരിടേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Why TMC MPs may still face disqualification even if 20 or two-thirds form a bloc
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആയിരം വോട്ട് തികച്ച് ഇല്ലാത്ത കോണ്‍ഗ്രസ്; 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 138 വോട്ടിന്റെ ഏകവിജയം'; നന്ദിഗ്രാമില്‍ മമതയുടെ 'മമത' തുണയാകുമോ?

മമതയ്ക്ക് 'ഫുട്ബോള്‍ പ്ലെയര്‍', വിമതർക്ക് 'കവര്‍'; തൃണമൂലിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേക പേരും ചിഹ്നവും അനുവദിച്ചു



