ട്രെയിന്‍ കയറ്റിവിടാം എന്നു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോയി, മുറിയില്‍ അടച്ച് ഒരാഴ്ച ബലാത്സംഗം; അഞ്ചു പേര്‍ അറസ്റ്റില്‍

ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

പറ്റ്‌ന: ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ ഒരാഴ്ച മുറിയില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ബിഹാര്‍ തലസ്ഥാനമായ പറ്റ്‌നയിലാണ് സംഭവം.

ഈ മാസം പത്തിനാണ് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയ്ക്കു പോവാനായി യുവതി പറ്റ്‌ന ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. തീവണ്ടിയുടെ സമയം ചോദിക്കുന്നതിനായി തൊട്ടടുത്ത ഹോട്ടലിലേക്കു കയറിയ യുവതിയെ ഹോട്ടല്‍ ഉടമയും സുഹൃത്തും ചേര്‍ന്ന് സമീപത്തുള്ള കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. തീവണ്ടി കയാറാന്‍ സഹായിക്കാം എന്നു പറഞ്ഞാണ് യുവതിയെ കൊണ്ടുപോയത്. ഹോട്ടല്‍ ഉടമ ഗോപാല്‍, സുഹൃത്ത് അമിത്,  അജിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ മുറിയില്‍ എത്തിച്ചത്. പിന്നീട് രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൂടി ഇവരോടൊപ്പം കൂടി.

ട്രെയിന്‍ രാത്രിയേ ഉള്ളുവെന്നും അതുവരെ ഇവിടെ വിശ്രമിക്കാമെന്നുമായിരുന്നു ഇവര്‍ യുവതിയോടു പറഞ്ഞത്. രാത്രിയായതോടെ ഇവര്‍ സംഘമായി എത്തി യുവതിയെ ബലാത്സംഗം ചെയ്തു. 

ഈ മാസം പതിനേഴു വരെ യുവതിയെ ഇവര്‍ മുറിയില്‍ പൂട്ടിയിട്ടു. ലൈംഗിക അതിക്രമവും തുടര്‍ന്നു. ഇതിനിടെ യുവതി കൊല്‍ക്കത്തയില്‍ എത്തിയില്ലെന്ന് അറിഞ്ഞ ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പറ്റ്‌നയില്‍ തന്നെയുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ മുറിക്കു മുന്നില്‍ ഒരാള്‍ സ്ഥിരം കാവല്‍ ഉണ്ടായിരുന്നു. ഇയാളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now