സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിനിധികളും, 28 മെഡിക്കല്‍ സ്റ്റുഡന്‍ര്‌സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും

Last Updated :20 January 2024, 8:01 am IST

News Now

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ആറാംദിവസം പിന്നിട്ടതോടെ, നിലപാടില്‍ അയവു വരുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡോക്ടര്‍മാരും. മുഖ്യമന്ത്രിയും ഡോക്ടര്‍മാരും ഇന്ന് ചര്‍ച്ച നടത്തും. സ്‌റ്റേറ്റ് സെക്രട്ടേറിയറ്റില്‍ വൈകീട്ട് മൂന്നിനാണ് ചര്‍ച്ച നടക്കുക. 

ഇന്നലെ ചേര്‍ന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ യോഗമാണ് മമതയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സമരം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹമില്ല. അതിനാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിനിധികളും, 28 മെഡിക്കല്‍ സ്റ്റുഡന്‍ര്‌സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. 


മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് തുറന്ന വേദിയില്‍ വെച്ചാകണം ചര്‍ച്ചയെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ നിരാകരിച്ചതായാണ് സൂചന. യോഗം ലൈവായി ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചേക്കില്ല. ബംഗാളില്‍ ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. 

നേരത്തെ ചര്‍ച്ചയ്ക്ക് മമത ബാനര്‍ജി തയ്യാറായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ക്ഷണം തള്ളി. ഇതോടെ ഇനി ചര്‍ച്ചയില്ലെന്ന് മമതയും നിലപാട് സ്വീകരിച്ചിരുന്നു. സമരത്തിലുള്ള ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സമരം ശക്തമായതോടെ, സംസ്ഥാനത്തെ ആശുപത്രികള്‍ സ്തംഭിച്ചതോടെ നിലപാട് മയപ്പെടുത്താന്‍ മുഖ്യമന്ത്രിയും ഡോക്ടര്‍മാരും തയ്യാറാകുകയായിരുന്നു. 

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കുംനേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഐഎംഎയുടെ നേതൃത്വത്തില്‍ ബംഗാളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. 

നിലപാട് മയപ്പെടുത്തി മമതയും ഡോക്ടര്‍മാരും ; ഇന്ന് ചര്‍ച്ച