യുപിയില്‍ ഹജ്ജ് മന്ത്രി ആരാകും

ഇത്തവണ നിയമസഭയില്‍ മുസ്ലീം വിഭാഗത്തെ പ്രതിനിധീകരിച്ച് 24 എംഎല്‍എമാരാണ് ഉള്ളത്. എസ്പിയില്‍ 17 പേരും ബിഎസ്പിയില്‍ അഞ്ച് പേരും രണ്ടുപേര്‍ കോണ്‍ഗ്രസിനുമാണുള്ളത്

Last Updated :19 January 2024, 11:54 pm IST

ലഖനോ: ബിജെപി ഉത്തര്‍പ്രദേശില്‍ ചരിത്രവിജയം നേടി. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് ഇത്തവണ ഉത്തര്‍പ്രദേശില്‍ ബിജെപി വിസ്മയജനകമായ വിജയം നേടിയത്. ബിജെപി സര്‍ക്കാര്‍ സ്ത്യപ്രതിജ്ഞ ചെയ്യുന്നതോടെ ന്യൂനപക്ഷ ക്ഷേമവും ഹജ്ജ് വകുപ്പും ആര് കൈകാര്യം ചെയ്യുമെന്നാണ് ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷം ഉറ്റുനോക്കുന്നത്

രാജ്യത്തെ എറ്റവും അധികം മുസ്ലീം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ജനസംഖ്യയുടെ ഇരുപത് ശതമാനവും മുസഌങ്ങളാണ്. ആകെയുള്ള 403 സീറ്റുകളില്‍ 324 സീറ്റുകളാണ് ബിജെപി നേടിയത്.ഇത്തവണ നിയമസഭയില്‍ മുസ്ലീം വിഭാഗത്തെ പ്രതിനിധീകരിച്ച് 24 എംഎല്‍എമാരാണ് ഉള്ളത്. എസ്പിയില്‍ 17 പേരും ബിഎസ്പിയില്‍ അഞ്ച് പേരും രണ്ടുപേര്‍ കോണ്‍ഗ്രസിനുമാണുള്ളത്. ജനസംഖ്യയുടെ ആനുപാതികമായി 90 പേര്‍ വേണമെന്നാണ് കണക്ക്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ഉമാഭാരതിയും കല്‍രാജ് മിശ്രയും രംഗത്തെത്തിയിരുന്നു. അതാവാട്ടെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിലുമായിരുന്നു. ലോക്‌സഭാ അംഗങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് ഉത്തര്‍പ്രദേശിലെ സ്ഥിതി. 

ഈ പ്രതിസന്ധി ബിജെപി എങ്ങനെ മറികടക്കുമെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അതിനാകട്ടെ ബിജെപി നേതാക്കള്‍ പറയുന്നത് പാര്‍ട്ടി മതേതരത്വപാര്‍ട്ടിയാണ്. മുഖ്താര്‍ അബ്ബാസ് നഖ്ബിയും നജ്മ ഹെപ്തുള്ളയും ബിജെപിയുടെ ന്യൂനപക്ഷമുഖങ്ങളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നഖ്ബിയാകാട്ടെ കേന്ദ്രമന്ത്രി സഭയില്‍ പ്രധാനവകുപ്പുകളും കൈകാര്യം ചെയ്യുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശിലെ ബിജെപി ജനറല്‍ സെക്രട്ടറി വിജയ് ബഹദൂര്‍ പതക് പറയുന്നത് ഇങ്ങനെ. ഇക്കാര്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്രപ്രശ്‌നമല്ല. എന്തുകൊണ്ട് ഭൂരിപക്ഷ സമുദായാംഗത്തിന് ഈ വകുപ്പിന് നേതൃത്വം നല്‍കിക്കൂടാ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാവരുടെതുമാണ്. ഇക്കാര്യം കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും വിജയ് ബഹദൂര്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ന്യൂഡെല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു. വികസനത്തിനാണ് യുപി ജനത വോട്ട് ചെയ്തതെന്നും പുതിയ ഇന്ത്യയുടെ ഉദയമാണ് വരാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ എല്ലാവരുടെതുമായിരിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. എന്നാല്‍ ഈ വകുപ്പ് മറ്റാരെങ്കിലും കൈകാര്യം ചെയ്താല്‍ ശരിയാകില്ലെന്ന ആശങ്കയിലാണ് മുസ്ലീം സ്ംഘടനകള്‍

അതേസമയം സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ മുസ്ലിം എംഎല്‍എ ഇല്ലെങ്കിലും മുസ്ലിം എംഎല്‍സി ഉണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും നഗര വികസന മന്ത്രി അഭിപ്രായപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

യുപിയില്‍ ഹജ്ജ് മന്ത്രി ആരാകും