ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അവകാശപ്പെട്ടു

Last Updated :20 January 2024, 8:08 am IST

News Now

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് നിയന്ത്രണം നഷ്ടപ്പെട്ട വിക്രം ലാന്‍ഡറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി എന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അവകാശവാദം തളളി ഐഎസ്ആര്‍ഒ.  ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അവകാശപ്പെട്ടു.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന് നിരാശ സമ്മാനിച്ച വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസമാണ് നാസ അറിയിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും നാസ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാസയുടെ അവകാശവാദം തളളി ഐഎസ്ആര്‍ഒ രംഗത്തുവന്നത്.

വിക്രം ലാന്‍ഡറിനെ തങ്ങളുടെ തന്നെ ഓര്‍ബിറ്റര്‍ കണ്ടെത്തിയതായി ശിവന്‍ വ്യക്തമാക്കി. ഇക്കാര്യം വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ പത്തിന് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതായും ശിവന്‍ അറിയിച്ചു. ഇക്കാര്യം പുറത്തുളളവര്‍ക്ക് പരിശോധിക്കാവുന്നതാണെന്നും 
ശിവന്‍ പറഞ്ഞു.

വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടായിരുന്നു നാസയുടെ അവകാശവാദം. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ സ്ഥിരീകരണം വരുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. 

തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു. 
 
ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ യാത്രയുടെ വേഗത കുറച്ചു കൊണ്ടുവരാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ നിശ്ചയിച്ച സ്ഥലത്ത് 500 മീറ്റര്‍ അകലെയായി വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. പിന്നാലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം തിരിച്ചു പിടിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിക്രം ലാന്‍ഡറെ നേരത്തെ തന്നെ കണ്ടെത്തി; നാസയെ തളളി ഐഎസ്ആര്‍ഒ