ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്തു

Last Updated :20 January 2024, 7:58 am IST

News Now

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്തു. ബിജെപി നേതാവ് കെ പി പ്രകാശ് ബാബുവിനെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. 14 ദിവസത്തേയ്ക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.
യുവതീപ്രവേശനത്തിനെതിരായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ കേസില്‍ പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുളളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്. 

യുവതീ പ്രവേശനത്തിന് എതിരെ ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് പ്രകാശ് ബാബു അക്രമിച്ചത്.  ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്. 

കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രകാശ് ബാബു വേദി പങ്കിട്ടത് വിവാദമയാരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെപി പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍