ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

മലപ്പുറം വണ്ടൂര്‍ തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു

Milan
മിലന്‍ കെ ഷിജു
Edited by :Jayakumar
Last Updated :1 ഓഗസ്റ്റ് 2026, 5:12 pm IST

കോട്ടയം: വെള്ളക്കെട്ടില്‍ വീണ് വാകത്താനം ചക്കന്‍ ചിറയില്‍ പതിനൊന്നു വയസ്സുള്ള കുട്ടി മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ ഷിജുവാണ് മരിച്ചത്. വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു,

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്നു കുട്ടികളാണ് ഇന്ന് മരിച്ചത്. മലപ്പുറം വണ്ടൂര്‍ തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും ഉമ്മയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു കുട്ടി.

ഉച്ചയോടെയാണ് അപകടമുണ്ടായത്. കുട്ടി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ടത് കണ്ടെങ്കിലും സ്ലാബുകള്‍ മൂടിയ തോട് ആയിരുന്നതിനാല്‍ പെട്ടെന്ന് രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചിരുന്നു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News Now

Summary

11-year-old boy dies tragically after falling into a Jal Jeevan Mission pit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates