പാലായില്‍ ബസിനുള്ളില്‍വെച്ച് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ് കണ്ടക്ടര്‍ അഫ്‌സല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസിനുള്ളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST


കോട്ടയം: പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളില്‍ പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റില്‍. പ്രണയം നടിച്ച് ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഏറ്റുമാനൂര്‍ വള്ളിക്കാട് നിരപ്പേല്‍ വിഷ്ണു മനോഹരനെ(30)യാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ് കണ്ടക്ടര്‍ അഫ്‌സല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബസിനുള്ളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവര്‍ എബിനും അഫ്‌സലിന് ഒത്താശചെയ്ത് ബസ്സിന്റെ ഷട്ടര്‍ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ സിഐ. കെപി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്നും പെണ്‍കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പൊലീസ് സ്റ്റാന്‍ഡിനുള്ളില്‍നിന്നും പിടികൂടി. ഒന്നാം പ്രതി അഫ്‌സലും രണ്ടാം പ്രതി എബിനും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

സംഭവദിവസം അഫ്‌സലിനെയും എബിനെയും പൊലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂര്‍ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now