പതിനഞ്ചുകാരന്റെ ആത്മഹത്യ; ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് ഡീലിറ്റ് ചെയ്ത നിലയിൽ, അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങൾ ശേഖരിച്ചു

student
മിഹിർ മുഹമ്മദ്
Last Updated :1 February 2025, 7:45 pm IST

കൊച്ചി: തൃപ്പുണിത്തുറയിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. മരിച്ച മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങൾ ശേഖരിച്ചു. അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. രണ്ട് ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട്‌ കൈമാറുമെന്നാണ് സൂചന.

അതേസമയം മിഹിർ മുഹമ്മദിന് സ്കൂളിൽ നിന്ന് റാ​ഗിങ് നേരിടേണ്ടി വന്നു എന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം പ്രതിസന്ധിയിലാണ്. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികളുടെ ചാറ്റുകൾ അടങ്ങിയ ഇൻസ്റ്റ​ഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനാൽ ഇതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്കൂളിലെ ഒരു വിദ്യാർഥിയും വിദ്യാർഥിനിയും ചേർന്ന് ശുചിമുറിയിൽ എത്തിച്ച് മിഹിറിനെ ഉപദ്രവിച്ചുവെന്നാണ് പരാതി.

എന്നാൽ വി​ദ്യാർഥികളെ കുറിച്ച് പൊലീസിന് സൂചനകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആൺകുട്ടിയും പെൺകുട്ടിയും ഒരേ ശുചിമുറിയിൽ പോകുമോ എന്നതിലും സംശയങ്ങളുണ്ട്. വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. മിഹിറിന്‍റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും രണ്ടാനച്ഛന്റെയും സ്കൂൾ അധികൃതരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.

മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ സ്കൂൾ ഗേറ്റ് ചാടി കടന്നു പ്രതിഷേധിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കുന്ന സ്കൂൾ മാനേജ്‍മെന്റിനു എതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മാനേജ്മെന്‍റുമായി എസ്എഫ്ഐ ഭാരവാഹികൾ ചർച്ച നടത്തി. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് മാനേജ്‍മെന്റ് ഉറപ്പു നൽകിയെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now